ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഓട്ടിസം സെന്റര്‍ കുന്നംകുളത്ത്
കുന്നംകുളം: ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഓട്ടിസം സെന്റര്‍ കുന്നംകുളത്ത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ പഞ്ചായത്തുകളില്‍ മാത്രമാണെന്നു നിയമമിരിക്കേ തന്നെ സ്‌പോണ്‍സര്‍മാരുടെ സഹായം തേടി പദ്ധതി നഗരത്തിലേക്ക് മാറ്റി വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും സഹായകമാകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കി വിജയം കണ്ടിരിക്കുകയാണ് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. നിയമപരമായി ഒരിക്കലും സാധ്യമല്ലാതിരുന്ന മാറ്റമാണ് കുന്നംകുളത്തുണ്ടായത്.
കടവല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്റര്‍ സ്‌ക്കൂളിന്റെ പുനുരുദ്ധാരണ പ്രവര്‍ത്തനം മൂലം ഇടമില്ലാതായതോടെ കുന്നംകുളം ബ്ലയിന്റ് സക്കൂളിലെ ഒഴിഞ്ഞു കിടക്കുന്ന പ്രൈമറി കെട്ടിടത്തിലേക്കു മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി ഡി.പി.ഐയില്‍ നിന്നും പ്രത്യേക അനുമതി നേടി.പദ്ധതി കുന്നംകുളത്തേക്കു പറിച്ചു നടുന്നതോടെ ബ്ലോക്ക് പഞ്ചായത്തിന് ഓട്ടിസം സെന്റര്‍ നഷ്ടമാകുമെന്നറിഞ്ഞിട്ടു കൂടി വിദ്യാര്‍ഥികളുടെ സൗകര്യത്തിനു വേണ്ടി ബ്ലോക്ക് ആവശ്യ സഹകരണവുമായി രംഗത്തിറങ്ങുകയായിരുന്നു. നഗരസഭാതിര്‍ത്തിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് പണം അനുവദിക്കാനാകില്ലെന്നതിനാല്‍ കെട്ടിടത്തിനു ചുറ്റുമതിലുള്‍പ്പടേയുള്ളവ നിര്‍മിക്കാന്‍ സ്വകാര്യമായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയും രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന പഠനോപകരണങ്ങള്‍ നല്‍കുകയും ചെയ്തു. മാത്രമല്ല പഞ്ചായത്തുകളിലേക്ക് നല്‍കുന്ന പദ്ധതി പണത്തില്‍ നിന്നും ഒരു വിഹിതം നഗരത്തിലെ ഓട്ടിസം സെന്ററിനു നല്‍കാനും ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
നഗരസഭ ചെയര്‍പെഴ്‌സണ്‍ സീതാ രവീന്ദ്രന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുമതി അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സച്ചിദാനന്ദന്‍, മിഷ സെബാസ്റ്റ്യന്‍, എന്‍.എ ഇഖ്ബാല്‍, രേഷ്മ റോബിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."