യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കവര്‍ച്ച: പ്രതിക്ക് ഇരട്ട ജീവപര്യന്തം
തലശ്ശേരി: യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്ക് ഇരട്ടജീവപര്യന്തം തടവും രണ്ടരലക്ഷം പിഴയും.
പെരിങ്ങത്തൂര്‍ പുളിനാമ്പ്രം വലിയകാട്ടില്‍ ഹൗസില്‍ കെ.വി അന്‍സാറിനെ (27)യാണ് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്. ആഭരണങ്ങള്‍ കവര്‍ന്നതിന് 10 വര്‍ഷം അധിക തടവും അനുഭവിക്കണം.
ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് ഇരട്ട ജീവപര്യന്തം.
കവര്‍ച്ചാ കേസില്‍ 10വര്‍ഷം തടവ് അനുഭവിച്ച ശേഷമാണ് ജീവപര്യന്തം അനുഭവിക്കേണ്ടത്. എന്നാല്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന് വിധിയില്‍ പറയുന്നു. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവും അനുഭവിക്കണം.
മേക്കൂന്ന് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 2017 ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ നിന്ന് മത്സ്യം വാങ്ങാന്‍ ഇറങ്ങിയ യുവതിയെ വഴിയരികില്‍ ഒളിച്ചു നിന്ന പ്രതി കടന്നുപിടിച്ച് തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു.
വെള്ളത്തില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം കഴുത്തിലും കൈവിരലിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് മുങ്ങുകയായിരുന്നു.
കേസന്വേഷിച്ച ചൊക്ലി പൊലിസ് അടുത്തദിവസം തന്നെ അന്‍സാറിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കൊലപാതകത്തിനു നാല് ദിവസം മുന്‍പും യുവതിയെ അന്‍സാര്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കേസില്‍ ഏഴാംസാക്ഷിയായ മകള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍ 38 സാക്ഷികളും 22 രേഖകളും സമര്‍പ്പിച്ചു. അറസ്റ്റ് ദിവസം മുതല്‍ അന്‍സാര്‍ റിമാന്‍ഡില്‍ തുടരുകയാണ്.
പ്രതിയില്‍ നിന്നു ലഭിക്കുന്ന പിഴ യുവതിയുടെ കുടുംബത്തിനു നല്‍കണം. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ രാമചന്ദ്രന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."