ചൈത്ര തെരേസ ജോണിനെതിരായ നടപടി: ഹരജി പിന്‍വലിച്ചു
കൊച്ചി: ചൈത്ര തെരേസ ജോണിനെതിരേ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി പിന്‍വലിച്ചു. ചൈത്രക്ക് പരാതിയുണ്ടെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കാമല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് പരിഗണിക്കാനാവില്ല. വ്യത്യസ്ത സാഹചര്യമുണ്ടായാല്‍ ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഹരജി മുന്‍വിധിയോടെയുള്ളതാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് എറണാകുളം ആസ്ഥാനമായ പബ്ലിക് ഐ എന്ന സംഘടന ഹരജി പിന്‍വലിച്ചത്. പൊലിസ് സ്റ്റേഷന് ആക്രമണ കേസിലെ പ്രതികളെ പിടികൂടുന്നതിനായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഡി.സി.പി ചൈത്ര തെരേസ ജോണിനെ തിരുവനന്തപുരം ഡി.സി.പിയുടെ അധികചുമതലയില്‍ നിന്ന് നീക്കിയിരുന്നു. അവധിയിലായിരുന്ന ആര്. ആദിത്യനെ തിരികെവിളിച്ചാണ് തെരേസ ജോണിനെ വനിതാ സെല്‍ എസ്.പി സ്ഥാനത്തേക്കു മാറ്റിയത്.
പ്രതികള്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈത്ര തെരേസ ജോണ്‍ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫിസിനുള്ളില്‍ കയറി റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."