ചര്‍ച്ച പരാജയം; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം തുടരും
തിരുവനന്തപുരം: നീതിനിഷേധത്തിനെതിരേ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം തുടരുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി. സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ദുരിതബാധിതരുടെ പട്ടിക തയാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന പ്രധാന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ദുരിതബാധിതരുടെ അമ്മമാര്‍ നാളെ രാവിലെ സങ്കടയാത്ര നടത്തും.
അനര്‍ഹരെന്ന് മുദ്രകുത്തിയ 3547 പേരെ പട്ടികയില്‍ ഉള്‍പെടുത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ മാറ്റാനാകില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. മാനദണ്ഡപ്രകാരം പുനഃപരിശോധന നടത്തി അര്‍ഹരെ കണ്ടെത്തി ലിസ്റ്റ് തയാറാക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും. നേരത്തെ അര്‍ഹരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാംപ് നടത്തിയപ്പോള്‍ ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി പ്രത്യേക ക്യാംപ് നടത്താമെന്നും സമരക്കാരെ അറിയിച്ചിട്ടുണ്ട്.
ദുരിതബാധിത കുടുംബത്തിലെ രണ്ടു കുട്ടികളില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് സമരക്കാരുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കേസുകള്‍ പ്രത്യേകം പരിഗണിക്കും. സമരം പിന്‍വലിക്കണമെന്നും ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരസമിതിയും സര്‍ക്കാരിനെ അറിയിച്ചു. റവന്യു മന്ത്രിയുടെ നിയമസഭയിലെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി കെ.കെ ശൈലജയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."