സര്‍ക്കാര്‍ കൈയൊഴിഞ്ഞു; ഓര്‍മയായി അരീക്കോട്ടെ ഐ.ടി പാര്‍ക്ക് പദ്ധതി
അരീക്കോട്: ജില്ലയിലെ ആദ്യത്തേത് എന്ന നിലയില്‍ ഭരണ നടപടിക്രമങ്ങള്‍ ആരംഭിച്ച അരീക്കോട് ഐ.ടി പാര്‍ക്ക് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. 2011 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. കിന്‍ഫ്രയുടെ പിന്തുണയോട് കൂടി പദ്ധതി നടപ്പിലാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
2016ല്‍ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രാദേശിക എതിര്‍പ്പുകള്‍ കാരണം നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീളുകയായിരുന്നു. പദ്ധതി ഉപേക്ഷിച്ചതായി പി.കെ. ബഷീര്‍ എം.എല്‍.എയെ സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. നേരത്തേ ഐ.ടി പാര്‍ക്കിനായുള്ള സ്ഥലത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചു നല്‍കി വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. നിര്‍മാണ പ്രവൃത്തിയില്‍ ത്വരിതഗതിയില്‍ ആരംഭിക്കുമെന്ന വിവരം എം.എല്‍.എയെ അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.
400 കോടി രൂപ അടങ്കല്‍ തുകയിട്ട പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ നീക്കിവച്ചിരുന്നു. തുടര്‍ന്ന് പി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഐ.ടി വിദഗ്ധ സംഘം അരീക്കോട് ഐ.ടി പാര്‍ക്കിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. ഇതിനായി സൗത്ത് പുത്തലം, കാരിപറമ്പ്, മാതക്കോട്, ചെമ്പാപറമ്പ് എന്നിവിടങ്ങളില്‍ സ്ഥലം പരിശോധന നടത്തിയെങ്കിലും കാവനൂര്‍ പഞ്ചായത്തിലെ കിളിക്കല്ലിങ്ങലാണ് ഐ.ടി പാര്‍ക്കിന് അനുയോജ്യമെന്ന് കണ്ടെത്തി. യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു.
പദ്ധതി ഉപേക്ഷിച്ചത് ദൗര്‍ഭാഗ്യകരം: എം.എല്‍.എ
അരീക്കോട്: റൂറല്‍ ഇലക്ട്രോണിക്‌സ് പാര്‍ക്ക് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്‌തെങ്കിലും പുതിയ ഒരു ഐ.ടി പാര്‍ക്കും ആരംഭിക്കാന്‍ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചതായി പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള അരീക്കോട്ട് ഐ.ടി പാര്‍ക്ക് സ്ഥാപിതമായാല്‍ നിരവധി ഐ.ടി സംരംഭകരെ ആകര്‍ഷിപ്പിക്കുമായിരുന്നെന്നും പദ്ധതി ഒഴിവാക്കിയത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
പദ്ധതി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 32 ഏക്കര്‍ ഭൂമി വിട്ടു നല്‍കാന്‍ പ്രദേശവാസികള്‍ തയാറായെന്നും എന്നാല്‍ ഏതാനും പേരുടെ എതിര്‍പ്പ് പര്‍വതീകരിക്കുകയാണുണ്ടായത്. പദ്ധതി നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന സംരംഭത്തെ നിസാരമായി ഉപേക്ഷിക്കുന്നത് വികസനത്തെ ബാധിക്കുമെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."