ചുട്ടുപൊള്ളുന്ന പ്രവാസത്തോടൊപ്പം നാട്ടില്‍ ഹരിതാഭമായ ജീവിതം നട്ടുവളര്‍ത്തുന്ന പ്രവാസി
കൊടുങ്ങല്ലൂര്‍: ചുട്ടുപൊള്ളുന്ന മരുഭൂമിയിലിരുന്ന് നാട്ടിലെ പച്ചപ്പു സ്വപ്നം കാണുന്നവരാണ് പ്രവാസികള്‍. എന്നാലിതാ പ്രവാസത്തോടൊപ്പം നാട്ടില്‍ ഹരിതാഭമായ ജീവിതം നട്ടുവളര്‍ത്തുകയാണ് ഷിഹാബ് എന്ന കര്ഷകന്. പല പ്രവാസികളും ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തുമ്പോഴാണ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുക പതിവ്. എന്നാല്‍, എറിയാട് സ്വദേശി എറമംഗലത്ത് ഷിഹാബ് ഗള്‍ഫില്‍ സ്വന്തമായി ബിസിനസ് നടത്തുന്നതോടൊപ്പം നാട്ടില്‍ ജൈവകൃഷിയും നടത്തി വരികയാണ്.
ഗള്‍ഫില്‍ സ്വന്തമായി ഒരു സംരംഭം നടത്തിക്കൊണ്ടിരിക്കെ തന്നെ കുടുംബസമേതം നാട്ടില്‍ കൂടാന്‍ തീരുമാനിക്കുകയായിരുന്നു ഷിഹാബ്. ചെറുപ്പം മുതലെ കൃഷിയോട് താല്പര്യമുള്ള ഷിഹാബ് എറിയാടുള്ള വീടിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ ഭൂമിയില്‍ കൃഷിയിടം ഒരുക്കിയതിലൂടെ തന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമാക്കിയത്.
എറമംഗലത്ത് ഫാം എന്ന ഈ കൃഷിയിടത്തില്‍ ശീതകാല വിളകള്‍ ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പശു, ആട്, കോഴി, താറാവ്, മുയല്, മീന്‍ എന്നിവയുമുണ്ട്. ഡ്രിപ് ഇറിഗേഷന്‍ ഉള്‍പ്പടെയുള്ള ആധുനിക രീതികള്‍ ജൈവകൃഷിയുമായി സംയോജിപ്പിച്ചാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നത്. ഒരേക്കറോളം വരുന്ന വിശാലമായ ഭൂമി പരമാവധി വിനിയോഗിച്ചുകൊണ്ടാണ് ഫാം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. തന്റെ ഫാമിലൂടെ കച്ചവടമല്ല ഷിഹാബ് ലക്ഷ്യമിടുന്നത്. സ്വന്തം ആവശ്യത്തിനായ് തികച്ചും ജൈവ രീതിയില്‍ വിളയിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കുകയാണ് ഈ പ്രവാസി കര്‍ഷകന്റെ ലക്ഷ്യം. വിദേശത്തിരുന്നു നാട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നവര്‍ക്കിടയില്‍ നാട്ടിലെ കൃഷിയിടത്തിലിരുന്ന് ഗള്‍ഫിലെ കച്ചവടം നോക്കി നടത്തുന്ന ഷിഹാബ് വ്യത്യസ്തനാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."