കൊവിഡ് കെയര്‍ സെന്ററുകള്‍: ഡി.ഐ.ജി അനൂപ് കുരുവിള ജോണിനു ചുമതല
തിരുവനന്തപുരം: സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും കൊവിഡ് കെയര്‍ സെന്ററുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നത് ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ ആയിരിക്കും.
എസ്.എ.പി കമാണ്ടന്റ് കെ.എസ് വിമല്‍ മാര്‍ച്ച് 16 വരെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുമതല വഹിക്കും. തുടര്‍ന്ന് വനിതാ ബറ്റാലിയന്‍ കമാണ്ടന്റ് ഡി. ശില്‍പ്പയ്ക്കായിരിക്കും ചുമതല.
കൊച്ചി വിമാനത്താവളത്തിലേയ്ക്ക് കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയേയും കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് ഓപ്പറേഷന്‍സ് വിഭാഗം എസ്.പി ചൈത്ര തെരേസ ജോണിനേയും കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്ക് കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്റ് നവനീത് ശര്‍മ്മയേയും നിയോഗിച്ചു.
ധാരാളം യാത്രക്കാര്‍ എത്തുന്ന സ്ഥലം എന്ന നിലയില്‍ കൊച്ചി വിമാനത്താവളത്തില്‍ കൊച്ചി റെയ്ഞ്ച് ഡി.ഐ.ജി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഈ ഉദ്യോഗസ്ഥര്‍ ഡി.എം.ഒ ഉള്‍പ്പെടെയുള്ള ആരോഗ്യവിഭാഗം ജീവനക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ആരോഗ്യവകുപ്പിനോട് ചേര്‍ന്നുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിനെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍, സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങളുമായി ചേര്‍ന്നായിരിക്കും പൊലിസ് പ്രവര്‍ത്തിക്കുക.കേരളത്തിലേയ്ക്കു വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള മേല്‍നോട്ടം അതത് ജില്ലാ പൊലിസ് മേധാവിമാര്‍ക്കാണ്. അത്തരം പരിശോധനാകേന്ദ്രങ്ങളുടെ ചുമതല ഡിവൈ.എസ്.പിമാര്‍ക്ക് നല്‍കും. അവരുടെ നേതൃത്വത്തില്‍ രണ്ടു പൊലിസുദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് പരിശോധന നടത്തുക.
ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് പരിശോധന നടത്തേണ്ടത്. കടലിലൂടെ യാത്രക്കാര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജില്ലാ പൊലിസ് മേധാവിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
കലക്ടര്‍, പൊലിസ് മേധാവി, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ എല്ലാദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഡീഷനല്‍ എസ്.പിമാരുടെ സേവനവും വിനിയോഗിക്കും.
മതപരമായ പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത്തരം മതവിഭാഗങ്ങളുടെ മേധാവിമാരെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിന് ജില്ലയിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പാര്‍ക്ക്, കളിസ്ഥലങ്ങള്‍, മാളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ പരിശോധനയും നിയന്ത്രണങ്ങളും നടത്തുന്നതിന് ജില്ലാ പൊലിസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."