വിലക്കുറവ് ജനങ്ങള്‍ക്ക് നല്‍കാതെ ഇന്ധനവില വര്‍ധിപ്പിച്ച് ഖജനാവ് വീര്‍പ്പിക്കുന്നു: കോടിയേരി
തിരുവനന്തപുരം: ആഗോളതലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലക്കുറവ് ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് നികുതിയെന്ന പേരില്‍ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഖജനാവ് വീര്‍പ്പിക്കാനുള്ള അവസരമായി ഇത് ഉപയോഗപ്പെടുത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക വിപണിയില്‍ ക്രൂഡ് ഓയിലിന് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് ആയിരിക്കെയാണ് ഇന്ധനവില കുത്തനെ കൂട്ടിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടവും വ്യവസായമേഖലയുടെ തകര്‍ച്ചയുമെല്ലാം ജനജീവിതം അതീവ ദുഃസ്സഹമാക്കിയിരിക്കുകയാണ്. കൊവിഡ് 19 ബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും രൂക്ഷമായിരിക്കെയാണ് ഒരു നീതീകരണവുമില്ലാതെ പെട്രോള്‍,ഡീസല്‍ വില കൂട്ടിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ക്ക് ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലെന്നതിന്റെ അവസാന തെളിവാണിത്. കോര്‍പ്പറേറ്റ് മൂലധനം മാത്രമാണ് ബി.ജെ.പി സര്‍ക്കാരിനെ നയിക്കുന്നത്. വിലവര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."