കാര്‍ഷികവും ഇനി വിരല്‍ത്തുമ്പില്‍
തലശ്ശേരി: കാര്‍ഷിക രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ മൊബൈല്‍ ആപ് ഒരുക്കുന്നു. കര്‍ഷകര്‍ നേരിടുന്ന കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും ഉല്‍പന്നങ്ങളുടെ വിപണിയുമാണ് ആപിലൂടെ ലക്ഷ്യമിടുന്നത്.
വിഷരഹിത പച്ചക്കറി പദ്ധതിയായ ജീവനിയുടെ ഭാഗമായാണു പുതിയസാങ്കേതിക വിദ്യയില്‍ ആപ് ഉപയോഗപ്രദമാക്കുക. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുമെന്നത് ആപിന്റെ സവിശേഷതയാണ്. ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ആപ് തയാറാക്കുക.
കാര്‍ഷിക വിളകളുടെ ഉപയോഗക്രമം, വിവിധതരം വിത്തുകളുടെ ഗുണമേന്മകള്‍, കാലാവസ്ഥയ്ക്കനുസരിച്ചുള്ള കൃഷിരീതി, വില്‍പന കേന്ദ്രീകരണ സ്ഥലങ്ങള്‍, കീടങ്ങളെ തുരത്താനുള്ള വഴികള്‍ തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളാണ് ആപിലുണ്ടാകുക.
മൊബൈല്‍ഫോണ്‍ കൈവശമുള്ളവര്‍ക്ക് എന്തു സംശയങ്ങളും ആപ് വഴി പരിഹാരം കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ കഴിയും. ആപിന് അന്തിമരൂപം നല്‍കാന്‍ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട കൃഷി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം നടത്തി. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് ആപ് തയാറാക്കുന്നത്. കൃഷിവകുപ്പിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ വിഭാഗമായ കാര്‍ഷിക വിവര സങ്കേതമാണ് ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തായിരിക്കും ആപിന് അന്തിമരൂപം നല്‍കുക. കൃഷിഭവന്‍, ഇക്കോഷോപ്പ്, കര്‍ഷകമിത്ര ജില്ലാകൃഷി ഓഫിസ്, ഹോര്‍ട്ടികള്‍ച്ചര്‍, വി.എഫ്.പി.സി.കെ എന്നിവ വഴി ലോഗ് ഇന്‍ ചെയ്യാനുള്ള സൗകര്യമൊരുക്കും.
ആധാര്‍ നമ്പറാണു ലോഗ് ഇന്‍ ചെയ്യാനായി നല്‍കേണ്ടത്. ചുരുങ്ങിയ കാലയളവില്‍ തന്നെ പൂര്‍ത്തീകരിച്ച് ജനങ്ങളിലെത്തിക്കാനാണ് അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."