കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 1,548 കോടി
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞുകിട്ടാനുള്ളത് 1548.50 കോടി രൂപ. അതേസമയം സംസ്ഥാനത്ത് കെ.എസ്.ഇ.ബിയില്‍നിന്നുള്ള വൈദ്യുതി ഉപയോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു. കഴിഞ്ഞ ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1,27,80,679 ഉപയോക്താക്കളാണ് കെ.എസ്.ഇ.ബിക്ക് കീഴില്‍ ഉള്ളത്. ഇതില്‍ 98,57,888 ഉപയോക്താക്കള്‍ ഗാര്‍ഹിക വിഭാഗത്തില്‍ പെടുന്നവരാണ്. ഗാര്‍ഹിക ഉപയോക്താക്കള്‍ ഒഴികെയുള്ള ലോ ടെന്‍ഷന്‍ വിഭാഗത്തില്‍ 29,16,549ഉം ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങളില്‍ 6,242 ഉപയോക്താക്കളും ഉണ്ട്.
2018-19 കാലയളവില്‍ ഗാര്‍ഹിക വിഭാഗം ഉപയോക്താക്കളില്‍നിന്നും കെ.എസ്.ഇ.ബിക്ക് ലഭിച്ചത് 4621.04 കോടി രൂപയാണ്. ലോ ടെന്‍ഷന്‍ വിഭാഗത്തില്‍നിന്നും 4115.11 കോടിയും ഹൈ ടെന്‍ഷന്‍ ഉപയോക്താക്കളില്‍നിന്നും 3,977 കോടിയും ഈ കാലയളവില്‍ വരുമാനമായി കെ.എസ്.ഇ.ബിക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രം 93,79,67,170 രൂപ കെ.എസ്.ഇ.ബിക്ക് കുടിശികയിനത്തില്‍ നല്‍കാനുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 3,76,00,31,512 രൂപയും തദ്ദേശ സ്ഥാപനങ്ങള്‍4,77,24,476 രൂപയും നല്‍കാനുണ്ട്. കെ.എസ്.ഇ.ബിയിലെ കുടിശികയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒട്ടും പിന്നിലല്ല. സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 6,40,45,402 രൂപയും കേന്ദ്രത്തിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 59,76,94,258 രൂപയും കുടിശികയായുണ്ട്. സംസ്ഥാനത്തുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ 6,69,41,20,637 രൂപ കെ.എസ്.ഇ.ബിയില്‍ വൈദ്യുതി ചാര്‍ജായി അടക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."