പെരുമാതുറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആംബുലന്‍സ് അനുവദിച്ചു
അന്‍സാര്‍ തുരുത്ത്
പെരുമാതുറ: ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിച്ച് എം.പി.
ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും അംബുലന്‍സ് വാങ്ങിനല്‍കിയ പദ്ധതിയില്‍ പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തെ അവഗണിച്ചതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതുസംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പെരുമാതുറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആംബുലന്‍സ് അനുവദിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് ഡീനക്ക് ആറ്റിങ്ങല്‍ എം.പി സമ്പത്ത് കൈമാറിയത്. തുടര്‍നടപടിക്കായി ജില്ലാ കലക്ടറുടെ ഓഫിസുമായി ബന്ധപ്പെടാനും സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി എ. സമ്പത്ത് എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്നും ആംബുലന്‍സ് വാങ്ങി നല്‍കിയ പദ്ധതിയിലാണ് പെരുമാതുറയെ കാണാതിരുന്നത്.
കഴിഞ്ഞ മാസം അരുവിക്കരയില്‍ അവസാനഘട്ട ആംബുലന്‍സ് വിതരണ ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം സമ്പൂര്‍ണ ആംബുലന്‍സ് സേവന മണ്ഡലമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെരുമാതുറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആംബുലന്‍സ് നല്‍കാതെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമാണ് പെരുമാതുറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്.
കഠിനംകുളം, പുതുകുറുച്ചി, അഴൂര്‍, കൊട്ടാരംതുരുത്ത്, മാടന്‍വിള, ചേരമാന്‍ തുരുത്ത് എന്നീ സമീപ പ്രദേശങ്ങളിലെയും ഭൂരിഭാഗം വരുന്ന രോഗികള്‍ക്കും ആശ്രയമാണ് പെരുമാതുറ പ്രാഥമികാരോഗ്യകേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."