വിജിലന്‍സ് അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ടെക്‌നിക്കല്‍) സ്ഥാനത്തേക്ക് ഡി.എസ് നീലകണ്ഠനെ നിയമിച്ചത് ക്രമവിരുദ്ധമാണെന്ന് പഞ്ചായത്ത് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തുവന്നതെന്നും ഫിറോസ് പറഞ്ഞു.
സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ മകനാണ് നീലകണ്ഠന്‍. ഇതുസംബന്ധിച്ച് ആരോപണം സാധൂകരിക്കുന്ന തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യുവിന്റെ ഒരു കത്തും യൂത്ത് ലീഗ് പുറത്തുവിട്ടിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച ജയിംസ് മാത്യു തനിക്കെതിരേ വ്യാജരേഖയുണ്ടാക്കിയതായി പരാതി കൊടുത്തു. തന്നെ കേസില്‍ കുടുക്കാന്‍ അന്ന് സി.പി.എമ്മും ശ്രമിച്ചു.
എന്നാല്‍ താന്‍ ഉന്നയിച്ച ആരോപണം വസ്തുതാപരമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.
യാഥാര്‍ഥ്യം പുറത്തുവന്ന സാഹചര്യത്തില്‍ ജയിംസ് മാത്യു മാപ്പ് പറയണം. ഇക്കാര്യത്തില്‍ തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം. അവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നു കേള്‍ക്കാന്‍ പൊതുജനത്തിന് താല്‍പര്യമുണ്ട്.
നിയമനം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് വിങിനെ കൊണ്ട് അന്വേഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇന്റേണല്‍ വിജിലന്‍സ് വിങിന്റെ അന്വേഷണത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഉണ്ടായിട്ടുള്ളത്.
അന്വേഷണ റിപ്പോര്‍ട്ട് മറച്ചുവച്ച്, നീലകണ്ഠനെ പിരിച്ചു വിടുന്നതിന് പകരം സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനായി നാളെ തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ചേംബറില്‍ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ജനങ്ങള്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കഴിയുമ്പോള്‍ സ്വകാര്യമായി സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്.
ഇതൊരുനിലക്കും അംഗീകരിക്കാനാവില്ല. അടിയന്തരമായി ഇദ്ദേഹത്തെ പിരിച്ചുവിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."