അനധികൃത മത്സ്യബന്ധനം; വള്ളങ്ങളും ഉപകരണങ്ങളും പിടികൂടി
കൊല്ലം: മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത രീതിയില്‍ കടലില്‍ മത്സ്യബന്ധനം നടത്തിയ വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചു.
കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ തീവ്രതയുള്ള ലൈറ്റ് ഉപയോഗിച്ച് നിരോധിത മത്സ്യബന്ധനം നടത്തുന്നത് കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയുന്നു എന്ന പരാതിയെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശാസസരണമാണ് പരിശോധന നടത്തിയത്.
അഴീക്കല്‍ മുതല്‍ വിഴിഞ്ഞം വരെ കടലില്‍ നടത്തിയ പരിശോധനയില്‍ പരവൂര്‍, വര്‍ക്കല, വിഴിഞ്ഞം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും രണ്ട് വള്ളങ്ങള്‍, രണ്ട് പൊങ്ങ് വള്ളങ്ങള്‍, മൂന്ന് എഞ്ചിനുകള്‍, 38 എല്‍.ഇ.ഡി ലൈറ്റ്കള്‍, 11 ബാറ്ററികള്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരും. നീണ്ടകര, വിഴിഞ്ഞം യൂണിറ്റുകള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ മറൈന്‍ പോലീസ് സൂപ്രണ്ട് കിഷോര്‍കുമാര്‍, സി.ഐ എസ്.എസ്. ബൈജു, എസ്.ഐമാരായ എസ്.എസ്. സുമേഷ്, ഷിബുരാജ്, എ.എസ്.ഐമാരായ ജോസ്, സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."