പണിമുടക്കി വെബ്സൈറ്റ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകാതെ ആയിരങ്ങള്‍
കിനാലൂര്‍:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകാതെ വോട്ടര്‍മാര്‍ നെട്ടോട്ടത്തില്‍. പേര് ചേര്‍ക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ, കഴിഞ്ഞ മൂന്ന് ദിവസമായി വെബ്സൈറ്റ് നിശ്ചലമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം സുഗമമായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ച് ഹിയറിങ്ങ് നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് 2019 ലെ വോട്ടര്‍പട്ടിക പരിഗണിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധി ഉണ്ടാവുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതും ഹിയറിങ് ഉള്‍പ്പടെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിറക്കി.പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിം കോടതിയെ സമീപിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്തതിന് ശേഷമാണ് വോട്ടര്‍പട്ടിക പുതുക്കല്‍ വീണ്ടും തുടങ്ങിയത്.
ഇനിയുള്ള ഒരു ദിവസം കൊണ്ട് മുഴുവന്‍ വോട്ടര്‍മാരെയും ചേര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്ക്കുമില്ല.കോവിഡ് തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഹിയറിങ്ങിന് പഞ്ചായത്തില്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന പുതിയ ഉത്തരവുകൂടി വന്നതോടെ നിരവധിയാളുകളാണ് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അക്ഷയ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ എത്തുന്നത്.എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസം പൂര്‍ണമായും വെബ്സൈറ്റ് പണിമുടക്കിയത് കാരണം ആര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.ആയിരങ്ങളാണ് ഇനിയും പട്ടികയില്‍ ഇടം പിടിക്കാതെ പുറത്ത് നില്‍ക്കുന്നത്.അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."