പിലിക്കോട് ബേങ്ക് മുക്കുപണ്ട പണയ തട്ടിപ്പ് മുക്കുപണ്ടം എത്തിച്ചത് പിലിക്കോട് സ്വദേശിയായ സുഹൃത്ത്
ചെറുവത്തൂര്‍: പിലിക്കോട് സര്‍വിസ് സഹകരണ ബേങ്ക് മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ സൂത്രധാരനായ എം.വി ശരത് ചന്ദ്രനു പുറത്തുനിന്നു സഹായം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ സൂചന ലഭിച്ചു. യഥാര്‍ഥ സ്വര്‍ണത്തെ വെല്ലുന്ന തരത്തിലുള്ള മുക്കുപണ്ടങ്ങള്‍ എത്തിച്ചു നല്‍കിയത് ശരത്ചന്ദ്രന്റെ അടുത്ത സുഹൃത്തായ പിലിക്കോട് സ്വദേശിയാണ്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചന്തേര പൊലിസ് കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെയും ബേങ്ക് അപ്രൈസര്‍ കുഞ്ഞിരാമനെയും നീലേശ്വരം സി.ഐ ഓഫിസില്‍ എത്തിച്ചു ചോദ്യം ചെയ്തു. താന്‍ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും തന്നെ മാനേജര്‍ ചതിക്കുകയായിരുന്നുവെന്നുമാണ് അപ്രൈസര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്.
56 ഇടപാടുകളിലായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളുടെ പേരില്‍ തന്നെ ഒന്നിലധികം ഇടപാടുകള്‍ നടത്തിയിട്ടുമുണ്ട്. തങ്ങള്‍ നിരപരാധികളാണെന്ന ഇടപാടുകാരുടെ വാദം അതേപോലെ മുഖവിലയ്‌ക്കെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തിയിരിക്കുന്നത്. മുക്കുപണ്ടം കണ്ടെത്തിയ ലിസ്റ്റിലുള്ള ഇടപാടുകാരെ അടുത്ത ദിവസം തന്നെ നീലേശ്വരം സി.ഐ ധനഞ്ജയ ബാബു ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."