യുവതിയുടെ ദുരൂഹ മരണം; അന്വേഷണം ഊര്‍ജിതം
എടക്കാട്: കാടാച്ചിറ ആരോഗ്യ കേന്ദ്രത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ ദുരൂഹസാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
വ്യാഴാഴ്ച അര്‍ധരാത്രിയാണു പാലയാട് എസ്റ്റേറ്റിനു സമീപത്തെ ശങ്കരന് ആചാരിയുടെ മകള്‍ നിഷയെ (36) മരിച്ച നിലയില്‍ കണ്ടെത്തിയത്. നിഷ തൂങ്ങി മരിച്ചതാണെന്ന് സംശയിക്കുന്ന കയറില്‍ നിന്ന് അകന്ന് മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇതില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരിച്ചതായാണു പറയുന്നത്. മൃതദേഹത്തിന് 36 മണിക്കൂര്‍ പഴക്കമുണ്ടായിരുന്നു. യുവതിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്നു സംശയം തോന്നിയ അയല്‍ക്കാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരും പൊലിസും ചേര്‍ന്ന് പൂട്ട് പുറത്തുനിന്ന് പൊളിച്ചാണ് അകത്തുകയറിയത്.
മരണത്തിനു പിന്നില്‍ വേറെ ആരുടെയോ പങ്കുണ്ടെന്നാണു പൊലിസ് സംശയിക്കുന്നത്. നിഷ രണ്ടുവര്‍ഷം മുന്‍പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. മരണം കൊലപാതകമാണെന്നു ബന്ധുക്കള്‍ സംശയിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്താണു പൊലിസ് അന്വേഷണം ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."