നവീകരണത്തിനൊരുങ്ങി പേഴയ്ക്കാപ്പിള്ളി-കൂരിക്കാവ് റോഡ്
മൂവാറ്റുപുഴ: നൂറു കണക്കിനാളുകള്‍ സഞ്ചരിക്കുന്ന സിവില്‍ സ്റ്റേഷന്‍-പേഴയ്ക്കാപിള്ളി പള്ളിപടികൂരിക്കാവ് റോഡ് നവീകരണത്തിന് കളമൊരുങ്ങുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 70ലക്ഷം രൂപ അനുവദിച്ചതോടെയാണ് റോഡ് നവീകരണത്തിന് കളമൊരുങ്ങുന്നത്.
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഈമാസം 28ന് വൈകിട്ട് നാലിന് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വ്വഹിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
മെറ്റിലും ടാറും ഇളകി കുണ്ടും കുഴിയുമായി കാല്‍നടയാത്രപോലും ദുസഹമായ റോഡ് അറ്റകുറ്റപണികള്‍ നടത്തണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പായിപ്ര പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നും,14, 15, 17, 18 വാര്‍ഡുകളിലൂടെ കടന്നു പോകുന്നതുമായറോഡ് 2015ല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിങ് അടക്കമുള്ളനവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ പിന്നീട് ഈ റോഡിനെ പൊതുമരാമത്ത് വകുപ്പ് കൈയ്യൊഴിയുകയായിരുന്നു.ഇതോടെ മൂന്നര കിലോമീറ്റര്‍ വരുന്ന റോഡിന്റെ കഷ്ഠകാലവും ആരംഭിച്ചു.
ആയിരക്കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളിലൂടെ കടന്നു പോകുന്ന റോഡില്‍ പേഴയ്ക്കാപിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് അടക്കം നിരവധി ആരാധനാലയങ്ങളും, സ്‌കൂളുകളും, മദ്‌റസകളും സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് പൂര്‍ണമായി തകര്‍ന്നതോടെ ഒട്ടൊറിക്ഷയടക്കമുള്ള വാഹനങ്ങളും ഇതുവഴി സഞ്ചരിക്കാന്‍ വിമുഖത കാണിക്കുകയാണ്.പ്രദേശ വാസികളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 70ലക്ഷം രൂപ റോഡ് നവീകരണത്തിന് അനുവദിച്ചത്. റോഡിലെ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി മുതല്‍ മസ്ജിദ് വരെയുള്ള ടൈല്‍ വിരിച്ച് മനോഹരമാക്കുന്നതിനും, ബാക്കിയുള്ള ഭാഗം ടാറിങ് ചെയ്യുന്നതിനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."