മൊബൈല്‍ ടവറുകളുടെ ബാറ്ററി മോഷണം; മൂന്നംഗ സംഘം പിടിയില്‍
പെരുമ്പാവൂര്‍: കേരളത്തിലുടനീളം മൊബൈല്‍ ടവറിന്റെ ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗസംഘത്തെ പെരുമ്പാവൂര്‍ പൊലിസ് പിടികൂടി. കൊല്ലം ജില്ലാ കുണ്ടറ സ്വദേശി മഞ്ജു ഭവനം വീട്ടില്‍ തമ്പി മകന് വിനോബന്‍ (40), ആലുവ വാഴക്കുളം സ്വദേശികളായ ഈരോത്ത് വീട്ടില്‍ ജോസ് മകന് ബാബു (40),തോപ്പില്‍ പറമ്പില്‍ വീട്ടില്‍ ശശി മകന് ശ്യാംകുമാര്‍ (38), എന്നിവരാണ് പിടിയിലായത്.
മൊബൈല്‍ ടവറിന്റെ നിര്‍മ്മാണകമ്പനിയായ ഇന്‍ഡസിന്റെ ആലുവ വാഴക്കുളത്തുള്ള ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളിയായ ശ്യാമും കൂട്ടാളികളും മൊബൈല്‍ ടവറുകളില്‍ ഇലകട്രിസിറ്റിയ്ക്ക് തടസം വരുമ്പോള്‍ പകരം സംവിധാനം ആയി ഇന്വേര്ട്ടര്, ബാറ്ററി, ജനറേറ്റര്‍ എന്നിവ സ്ഥാപിക്കുന്ന ജോലി ചെയ്തുള്ള പരിചയം ഉപയോഗിച്ചാണ് പ്രതികള്‍ മോഷണം ആരംഭിച്ചത്.
മൊബൈല്‍ ടവറുകളിലെ ജോലി പരിചയം ഉപയോഗിച്ച് താക്കോലുകള്‍ സൂക്ഷിക്കുന്ന സ്ഥലം മനസിലാക്കി താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് കൃത്യമായി വയര്‍ ഡിസ്കണക്റ്റ് ചെയ്ത് ഷോക്ക് അടിക്കാതെയും , ടവര്‍ ഡിസ്കണക്ടാ കാതിരിക്കാനായി കൃത്യമായി ഇന്‍സുലേറ്റ് ചെയ്തുമാണ് പ്രതികള്‍ ബാറ്ററി മോഷണം നടത്തിയിരുന്നത്.
ടവറില്‍ പവര്‍ സപ്ലൈ ഇല്ലാതായാല്‍ മാത്രമാണ് കമ്പനി ഈ വിവരം അറിയുകയുള്ളു. ഈ സമയത്തിനുള്ളില്‍ പ്രതികള്‍ ബാറ്ററികളുമായി കടന്നിട്ടുണ്ടാകും. പെരുമ്പാവൂരില്‍ സമീപകാലത്ത് നടന്ന ബാറ്ററി മോഷണത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്. നായറിന്റെ നിര്‍ദേശാനുസരണം പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ജി.വേണുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ്, എസ്.ഐ മാരായ ഫൈസല്‍ പി.എ, സൂഫി ടി.എം, എല്‍ദോസ് കെ.പി, എ.എസ്.ഐ മാരായ രാജേന്ദ്രന്, ശശി, എസ്.സി.പി.ഒ വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേരളത്തിലുടനീളം മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."