മലയാളിക്കു വേണ്ടാത്ത ചക്ക വിറ്റു പണമുണ്ടാക്കുന്നത് ഏജന്റുമാര്‍
പാണ്ടിക്കാട്: പ്രകൃതി കനിഞ്ഞു നല്കിയ തേനൂറും പഴമായ ചക്ക മലയാളിക്കു വേണ്ട. എന്നാല്‍ ചക്ക ചെറിയ തുക നല്കി വാങ്ങി മറുനാട്ടില്‍ കൊള്ളവിലയ്ക്കു വില്‍ക്കുകയാണ് ഏജന്റുമാര്‍. മലയാളിക്കു പ്രിയം മറുനാട്ടില്‍ നിന്നുള്ള വിഷം മുക്കിയ പഴങ്ങളാണ്. എന്നാല്‍ നമുക്ക് വിഷം തന്നിട്ട് നമ്മുടെ ഔഷധപ്പഴം തമിഴ്നാട്ടുകാരും കര്ണാടക്കാരും വാങ്ങുന്നു. ഒരു ചുളയ്ക്കു അഞ്ചു രൂപ നല്‍കിയാണ് അവര്‍ വാങ്ങുന്നത്. ഒരു ചക്കയ്ക്ക് 200 രൂപയ്ക്കു മുകളിലും.
മറുനാട്ടില്‍ ചക്കക്കുരുവിനും നല്ല ഡിമാന്റാണ്. പഴയ കാലത്ത് പഞ്ഞമാസങ്ങളില്‍ പല വീടുകളിലും അരിഭക്ഷണത്തിനു പകരം ചക്കയും കിഴങ്ങുമായിരുന്നു മുഖ്യാഹാരമാക്കിയിരുന്നത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മുഖ്യാഹാരവും ചക്കയായിരുന്നു. പച്ചച്ചക്ക പുഴുങ്ങിയും കൂട്ടാന്വെച്ചുമൊക്കെ മലയാളി കഴിച്ചിരുന്നു.
പുതുതലമുറ പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ചക്കയെ പാടെ അവഗണിച്ചിരിക്കുകയാണ്. മഴക്കാലമായതോടെ ചക്ക ആര്‍ക്കും വേണ്ടെന്നായി. എന്നാല്‍ നൂറോ ഇരുന്നൂറോ രൂപ നല്കി ഒരു പ്ലാവില്‍ നിന്നുള്ള അമ്പതോളം ചക്ക വാങ്ങുന്ന ഏജന്റുമാര്‍ ചക്ക തമിഴ്നാട്ടിലെത്തിക്കുമ്പോള് പതിനായിരം രൂപയോളം ലഭിക്കും. ഓരോ ദിവസവും ലോഡ് കണക്കിനു ചക്കയാണ് ചുരം കടക്കുന്നത്. മാന്യമായ വില കര്‍ഷകനു ലഭിക്കണമെങ്കില്‍ ചക്കയ്ക്കു കേരളത്തിലും വിപണിയുണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം കര്‍ഷകരുടെ സംഘങ്ങള്‍ ചക്ക കേരളത്തില്‍ നിന്നു അതിര്ത്തകടത്തണം. വിദേശ രാജ്യങ്ങളിലും കേരളത്തിലെ ചക്കയ്ക്കു നല്ല ഡിമാന്‍ഡാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."