സംസ്ഥാന വ്യാപകമായി തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന
121 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തി.
357 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 121 ഇടങ്ങളില്‍ നിയമലംഘനം കണ്ടെത്തി. 237 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് 13 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇരിപ്പിട സൗകര്യം ഉറപ്പാക്കിയിട്ടില്ലാത്ത ഒരു സ്ഥാപനം മാത്രമാണ് കണ്ടെത്തിയത്. കൊല്ലത്ത് 17 ഇടങ്ങളിലെ പരിശോധനയില്‍ നാലിടങ്ങളിലും പത്തനംതിട്ടയില്‍ 16 സ്ഥാപനങ്ങളിലെ പരിശോധനയില്‍ മൂന്നിടങ്ങളിലും ഇരിപ്പിടം നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി.
ആലപ്പുഴയില്‍ 42 സ്ഥാപനങ്ങളിലെ പരിശോധനയില്‍ എട്ടിടങ്ങളിലും എറണാകുളത്ത് 34 ഇടങ്ങളില്‍ 24 ഇടത്തും തൃശൂരില്‍ 15 സ്ഥാപനങ്ങളില്‍ അഞ്ചിടത്തും ഇരിപ്പിടം നല്‍കിയിരുന്നില്ല. മലപ്പുറത്ത് 38 ഇടങ്ങളിലെ പരിശോധനയില്‍ 19 സ്ഥാപനങ്ങളില്‍ മാത്രമാണ് സീറ്റ് അനുവദിച്ചിട്ടുള്ളതായി കണ്ടെത്തിയത്.
കോഴിക്കോട് 56 ഇടങ്ങളില്‍ 37 സ്ഥാപനങ്ങളിലും വയനാട് 30 പരിശോധനകളില്‍ 23 ഇടത്തും കാസര്‍കോട് 31 പരിശോധനകളില്‍ 18 സ്ഥാപനങ്ങളിലും സീറ്റ് നല്‍കിയിട്ടുള്ളതായി കണ്ടെത്തി.
കണ്ണൂരില്‍ 21 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ മൂന്നിടത്തു മാത്രമാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളതായി കണ്ടെത്തിയത്. ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളില്‍ പരിശോധന നടത്തിയ എല്ലാ സ്ഥാപനങ്ങളിലും ഇരിപ്പിടം ഉറപ്പാക്കിയിരുന്നതായും കണ്ടെത്തി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. വരുംദിനങ്ങളിലും പരിശോധന തുടരുമെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കണമെന്ന നിയമം അടുത്തിടെയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനവ്യാപകമായി നടത്തിയപരിശോധനകള്‍ക്ക് അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) ബിച്ചു ബാലന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."