ഷിഫാന നാട്ടിലെത്തി, യാത്രയില്‍ കൂട്ടായി ചേതനയറ്റ പ്രിയനുമുണ്ടെന്നറിയാതെ
ഒത്തിരി ആശങ്കകള്‍ മനസ്സിലുണ്ടായിരുന്നെങ്കിലും പ്രതീക്ഷയുടേയും സന്തോഷത്തിന്റെയും തെളിച്ചത്തിലേക്കു തന്നെയായിരിക്കണം അവള്‍, ഷിഫാന പറന്നുയര്‍ന്നിട്ടുണ്ടാവുക. തന്റെയുള്ളില്‍ ഒന്നുമറിയാതുറങ്ങുന്ന കുഞ്ഞാവയോട് മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ അവള്‍ അതുതന്നെ പറഞ്ഞിട്ടുണ്ടാവണം. പ്പച്ചി വരും..പ്പച്ചിക്ക് ഒന്നൂല്യാന്ന്...അവനോട് ചേര്‍ന്നിരുന്ന് കഴിയേണ്ടിയിരുന്ന മണിക്കൂറുകള്‍ തനിച്ചായിപ്പോയത് തെല്ലസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാം മാറി വരുന്നൊരു നാളില്‍ അവന് നല്‍കാനുള്ള ഒത്തിരി സ്‌നേഹത്തെ അവള്‍ ഉള്ളില്‍ കരുതി വച്ചിട്ടുണ്ടാവണം. തന്റെ ഈ കിനാക്കളെല്ലാം പാഴാണെന്നറിയാതെ. തനിക്കൊപ്പം ഈ വിമാനത്തിന്റെ കാര്‍ഗോ സെക്ഷനിലെ ഒരു പെട്ടിയില്‍ തന്റെ രാജകുമാരന്‍ ഇനിയുണരാത്തൊരു ഉറക്കത്തിലാണെന്നറിയാതെ.
മസ്‌ക്കറ്റിലെ നിസ്‌വയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് ഷിഫാനയുടെ നല്ലപാതി മുഹമ്മദ് ഷാഹിര്‍ എന്ന മുപ്പതു വയസ്സുകാരന്‍ കുഴഞ്ഞു വീണ് മരിക്കുന്നത്. ഷാഹിറിന് കൊറോണയാണെന്ന് സംശയമുണ്ടെന്നും അവന്‍ നിരീക്ഷണത്തിലാണെന്നുമാണ് മൂന്നു മാസം ഗര്‍ഭിണിയായ ഷിഫാനയോട് സുഹൃത്തുക്കള്‍ പറഞ്ഞത്. ഗര്‍ഭിണിയായ ആ പെണ്‍കുട്ടിയോട് നിര്‍ദ്ദോഷമായ ഈ കളവല്ലാതെ അവര്‍ മറ്റെന്തു പറയാന്‍. അവരവളെ നിര്‍ബന്ധിച്ച് നാട്ടിലേക്ക് അയക്കുകയും ചെയ്തു. നിരീക്ഷണത്തിലല്ലേ ഉറപ്പിച്ചിട്ടൊന്നുമില്ലല്ലോ എന്ന് അവള്‍ നിനച്ചു കാണണം.
നാട്ടില്‍ വിമാനത്താവളത്തിലെത്തിയപ്പോഴും പ്രിയതമന്‍ യാത്രയായ വിവരം ആരും പറഞ്ഞില്ല. ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല. ഇന്നലെ വരെ കൂടെ രാപാര്‍ത്തവന്റെ മൃതശരീരവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് കൂടെ വരുന്നതും അറിയാതെ അവളും യാത്ര പോവുകയായിരുന്നു. പക്ഷേ കണ്ണൂരിലെത്തിയപ്പോഴാണ് മരണ വിവരം അവരോട് പറഞ്ഞത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തന്നെ മയ്യിത്ത് കബറടക്കുകയും ചെയ്തു.
കളിയാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഷാഹിര്‍ കുഴഞ്ഞു വീണതായി സുഹൃത്തുക്കള്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സീബിലെ മജാന്‍ ഫ്യൂച്ചര്‍ മോഡേണ്‍ എല്‍.എല്‍.സി ജീവനക്കാരനായ ഷാഹിര്‍ ആറു വര്‍ഷമായി മസ്‌കറ്റിലെ ഒമാനിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസം മുമ്പാണ് നിസ്‌വയിലേക്ക് സ്ഥലം മാറിയെത്തിയത്. ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ അബ്ദു പൂക്കോത്ത് കദീജ ദമ്പതികളുടെ മകനാണ് ഷാഹിര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."