മനുഷ്യന്‍ ഒരു കാവല്‍ഭടന്‍
മുഹമ്മദ്#
പ്രായം ചെന്നവരുടെ പൊതുസ്വഭാവം അതാണ്. അവരുടെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും പരിധിയോ അറുതിയോ ഉണ്ടാവില്ല. 'സുഖമല്ലേ' എന്നു ചോദിച്ചാല്‍ 'അതെ' എന്ന പ്രസന്നമുഖത്തോടെയുള്ള മറുപടി കേള്‍ക്കാന്‍ ചുരുക്കം ചിലര്‍ക്കേ ഭാഗ്യമുണ്ടാകാറുള്ളൂ. ഏതുസമയത്തും പരാതികള്‍ തന്നെ. തല്‍ക്കാലം ഈ വൃദ്ധനെയും നിങ്ങള്‍ അത്തരക്കാരിലൊരാളായി കരുതിക്കോളൂ. കഥാന്ത്യത്തില്‍ അയാളെ ഏതു വിഭാഗത്തില്‍പെടുത്തണമെന്നതു നിങ്ങള്‍ തീരുമാനിച്ചാല്‍ മതി.
മറ്റു വൃദ്ധന്മാരെ പോലെ ഇദ്ദേഹവും വലിയ പരാതിക്കാരന്‍ തന്നെ. പക്ഷേ, ദിവസവും രാത്രിയായാലേ പരാതി തുടങ്ങുകയുള്ളൂ എന്ന ഒരു വ്യത്യാസമുണ്ട്. നിത്യവും പരാതികള്‍ കേട്ടുമടുത്ത ഒരു പരിചയക്കാരന്‍ ഒരിക്കല്‍ അദ്ദേഹത്തോട് തുറന്നുചോദിച്ചു: ''കുറേ കാലമായല്ലോ നിങ്ങളിങ്ങനെ പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു.. എന്താണ് നിങ്ങളുടെ യഥാര്‍ഥ പ്രശ്‌നം...?''
വൃദ്ധന്‍ പറഞ്ഞു: ''എന്റെ പ്രശ്‌നം തീര്‍ത്താല്‍ തീരാത്തതാണ്. മരണത്തിനുമുന്‍പ് അതിനു പരിഹാരമുണ്ടാകുമോ എന്നറിയില്ല...''
''എന്തായാലും നിങ്ങള്‍ പറഞ്ഞോളൂ, നമുക്ക് പരിഹാരമുണ്ടാക്കാം...''
''പരിഹാരമുണ്ടാക്കാമെന്നത് ഒരു സ്വപ്നം മാത്രം. അതൊരിക്കലും നടക്കില്ല.''
''എന്നാലും നിങ്ങള്‍ പറയൂ. ഞാന്‍ കേള്‍ക്കട്ടെ..''
''പറയാം. എനിക്കു രണ്ടു പ്രാപിടിയന്‍ പക്ഷികളാണുള്ളത്. ഉറങ്ങുന്ന നേരമൊഴിച്ചാല്‍ ബാക്കി മുഴുസമയവും അത് അന്നവും തേടി പറന്നുനടക്കുകയാണ്. അതിനു കഴിക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ അന്നങ്ങളുണ്ട്. പറ്റാത്തതാണ് അതിനേറ്റം ഇഷ്ടം. അതുകൊണ്ട് അവയെ എപ്പോഴും ശ്രദ്ധിക്കണം. ഈ രണ്ടു പക്ഷികള്‍ മാത്രമേയുള്ളൂവെങ്കില്‍ സമാധാനിക്കാമായിരുന്നു. പക്ഷേ, അതല്ല സ്ഥിതി. രണ്ടു മുയലുകളുമുണ്ട്. കണ്ണുതെറ്റിയാല്‍ അതെങ്ങോട്ടെങ്കിലും ഓടിപ്പോകും. ആ ഭയത്തിലാണ് ഞാന്‍ കഴിയുന്നത്. അതിനാല്‍ ശ്രദ്ധിക്കേണ്ടത് പ്രാപിടിയന്മാരെ മാത്രമല്ല, ആ രണ്ടു മുയലുകളെക്കൂടിയാണ്. മാത്രമോ, അന്നവും വെള്ളവും കൊടുത്ത് പോറ്റി പരിപാലിക്കേണ്ടതായ രണ്ടു കഴുകന്മാരുമുണ്ട്. തീര്‍ന്നില്ല, ഒരു സര്‍പ്പവുമുണ്ട്. അവസരം കിട്ടിയാല്‍ അതു വേലി ചാടും. വേലി ചാടിയാല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടതു ഞാനാണ്. സര്‍വം നാശമാക്കാന്‍ അതിന് അപാരമായ കഴിവുണ്ട്. അതിനാല്‍ അതിന്മേലുള്ള ശ്രദ്ധയും തീരെ തെറ്റാന്‍ പാടില്ല. പിന്നെയുള്ളത് ശക്തനായ ഒരു സിംഹമാണ്. കൂട്ടിലടച്ചിരിക്കുകയാണതിനെ. അതാണ് രാജാവ്. അതു നേരെയാണെങ്കില്‍ ബാക്കിയെല്ലാം നേരെയാകും.. വളഞ്ഞാല്‍ മറ്റുള്ളവയും വളയും. അതുകൊണ്ട് അതിനെ നിയന്ത്രിക്കേണ്ടതും ഞാന്‍ തന്നെ. ഇതിനൊക്കെ പുറമെ, എന്റെ തീവ്ര പരിചരണം ആവശ്യമായ ഒരു രോഗിയും...! ഒരു മനുഷ്യന്‍ വിയര്‍ക്കാന്‍ ഇതൊക്കെ പോരേ..''
വൃദ്ധന്റെ പരാതി കേട്ടപ്പോള്‍ ചോദ്യക്കാരന്‍ അമ്പരന്നു. പറഞ്ഞതൊന്നും അദ്ദേഹത്തിനു മനസിലായില്ല. ജിജ്ഞാസയോടെ അദ്ദേഹം ചോദിച്ചു: ''എന്താണ് നിങ്ങളീ പറഞ്ഞത്..? എനിക്കൊരു ചുക്കും മനസിലായിട്ടില്ല.''
''വിശദീകരിക്കാം. പ്രാപിടിയന്‍ പക്ഷി എന്നു പറഞ്ഞല്ലോ. അതുകൊണ്ടുദ്ദേശിക്കുന്നത് എന്റെ രണ്ടു കണ്ണുകളാണ്. ഉണര്‍ന്നിരിക്കുന്ന സമയം മുഴുവന്‍ എനിക്കാ കണ്ണുകളെ ശ്രദ്ധിക്കണം. ഒന്നു ശ്രദ്ധ തെറ്റിയാല്‍ മതി, നിഷിദ്ധങ്ങളില്‍ അതു കണ്ണുവയ്ക്കും. കണ്ണുവച്ചാല്‍ അതിന്റെ പേരില്‍ യജമാനന്റെ ശിക്ഷ ഞാന്‍ ഏറ്റുവാങ്ങണം.
രണ്ടു മുയലുകള്‍ എന്നു പറഞ്ഞത് എന്റെ രണ്ടു കാലുകള്‍. നന്മയിലേക്കു നടക്കുന്നതിനെക്കാള്‍ തിന്മയിലേക്കു നടക്കാനാണ് അതിനിഷ്ടം. തിന്മയിലേക്കുപോയാലാകട്ടെ യജമാനന്‍ ശകാരിക്കുകയും ചെയ്യും. അതുകൊണ്ട് അരുതായ്മകളിലേക്കു പോകുന്നതില്‍നിന്നു കാലിനെയും പിടിച്ചുകെട്ടണം.
കഴുകന്മാര്‍ എന്റെ രണ്ടു കൈകളാണ്. എപ്പോഴും അതിനെ സക്രിയമായ കാര്യങ്ങളില്‍ ഏര്‍പ്പെടുത്തണം. മറ്റുള്ളവരെ സഹായിക്കാന്‍ വിനിയോഗിക്കണം. തിന്മകള്‍ക്കു തീരെ ഉപയോഗിച്ചുകൂടാ.
പാമ്പ് എന്നു പറഞ്ഞല്ലോ. അതെന്റെ നാവാണ്. ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ മറ്റുള്ളവരുടെ മാത്രമല്ല, എന്റെതന്നെ ഘാതകനായതു മാറും. വാളിനു നിര്‍വഹിക്കാന്‍ കഴിയാത്തതുപോലും അതിനു കഴിയുമെന്നാണു മഹദ്വചനം. അത്രയ്ക്ക് ഉഗ്രമാണ് അതിന്റെ വിഷം. അതുകൊണ്ട് ആവശ്യങ്ങളില്‍ മാത്രം അതിനെ വിനിയോഗിക്കുക എന്നതു ചില്ലറ കാര്യമല്ല.
സിംഹം എന്റെ ഹൃദയമാണ്. ശരീരമെന്ന കൂട്ടിനകത്താണ് അതിനെ അടക്കം ചെയ്തുവച്ചിട്ടുള്ളത്. അതാണു കേന്ദ്രം. അതു നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. കേടായാല്‍ ശരീരവും കേടായി. അതിനാല്‍ സദായിപ്പോഴും അതിനെയും നിയന്ത്രിക്കണം. അതിലേക്കുവരുന്ന തെറ്റായ ചിന്തകളും വിചാരങ്ങളും ഒരുപക്ഷേ, എന്റെ ജീവന്‍ തന്നെ കെടുത്തിക്കളഞ്ഞേക്കും.
രോഗി എന്നു പറഞ്ഞത് എന്റെ ശരീരം തന്നെ. അതിനു വേണ്ട ശുശ്രൂഷകളും ആവശ്യമായ പരിചരണങ്ങളും നല്‍കിയില്ലെങ്കില്‍ അപകടമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ പണി തന്നെ. എപ്പോഴും ഒരു ഭയം. ഏതെങ്കിലുമൊന്ന് വേലിചാടിയാല്‍ യജമാനനോടു മറുപടി പറയണം. അവയവങ്ങള്‍ മുഴുവന്‍ അവനവന്റേതായിരുന്നുവെങ്കില്‍ സമാധാനിക്കാമായിരുന്നു. എന്തിനും ഏതിനും അവയെ ഉപയോഗപ്പെടുത്താം. പക്ഷേ, സ്ഥിതി അതല്ല. എല്ലാം വാടകയാണ്. യജമാനന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കാന്‍ തന്നതാണ്. യജമാനനു തൃപ്തികരമായവയില്‍ മാത്രമേ വിനിയോഗിക്കാവൂ എന്നുണ്ട്.. അല്ലെങ്കില്‍ പെടും. അവന്റെ ശിക്ഷ കഠിനകഠോരം; ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു..''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."