നടുവണ്ണൂരില്‍ 'സമ്പത്താണ് മാലിന്യം' പരിപാടിക്ക് തുടക്കം
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ സമ്പൂര്‍ണ മാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായുള്ള 'സമ്പത്താണ് മാലിന്യം' പരിപാടിക്ക് തുടക്കമായി. ഈ പരിപാടിയുടെ ഭാഗമായി 25,000 കിലോ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ലേലം ചെയ്ത് വില്‍പ്പന നടത്തി. നിറവ് വേങ്ങേരിയാണ് ലേലം എടുത്ത് ബോട്ടിലുകള്‍ കയറ്റുമതി ചെയ്തത്. ഇതിലൂടെ 25,000 രൂപ പഞ്ചായത്തിന് ലഭിച്ചു. ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച ഇരുമ്പ് ബിന്നുകളിലൂടെയാണ് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ചത്.
ഹരിത കര്‍മ സേനാംഗങ്ങള്‍ ബിന്നുകളില്‍ നിന്ന് ബോട്ടിലുകള്‍ ശേഖരിച്ച് വാര്‍ഡ്തല കേന്ദ്രങ്ങളില്‍ എത്തിക്കുകയായിരുന്നു. അജൈവമാലിന്യ സംസ്ക്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ വലിയ തുക മുടക്കി വരുന്ന നിലവിലെ സാഹചര്യത്തില്‍ മാലിന്യം കയറ്റി അയച്ച് പണം കണ്ടെത്തുന്ന പദ്ധതിയിലൂടെ പഞ്ചായത്ത് മാതൃകയായിരിക്കുകയാണ്. കുപ്പികള്‍ കയറ്റിയ രണ്ട് വണ്ടികളുടെ ഫ്ളാഗ് ഓഫ് നടുവണ്ണൂര്‍ അങ്ങാടിയില്‍ വച്ചും പള്ളിയത്ത് കുനിയില്‍ വച്ചും പ്രസിഡന്റ് യശോദ തെങ്ങിടയും വൈസ് പ്രസിഡന്റ് അച്യുതന് മാസ്റ്ററും നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മ്മാന്‍ ടി.വി സുധാകരന്, ഭരണ സമിതി അംഗങ്ങളായ കുമാരന്, അഷ്റഫ് മങ്ങര, സെക്രട്ടറി ഷിജു എല്‍.എന്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."