മദ്യപിച്ച് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു
വൈത്തിരി: മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
വാരമ്പറ്റ പന്തിപ്പൊയില്‍ സ്വദേശി കെ.ജി മനോജിനെയാണ് വൈത്തിരി പൊലിസ് പിടികൂടിയത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ പൊലിസില്‍ വിവരമറിയച്ചതിനെ തുടര്‍ന്നാണ് ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.30ന് മാനന്തവാടി ഡിപ്പോയില്‍ നിന്നും കുമളിയിലേക്ക് സര്‍വിസ് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ആര്‍.പി.എ 711 നമ്പര്‍ ബസിലെ ഡ്രൈവറായിരുന്നു ഇയാള്‍.
പൊലിസ് ബസ് തടഞ്ഞ് ഡ്രൈവറെ പരിശോധിച്ചതില്‍ ഡ്രൈവര്‍ മദ്യപിച്ചതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയുമായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചതായും പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ആയങ്കി റസാഖ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് അമിതമായി മദ്യപിച്ച നിലയില്‍ കെ.എസ്.ആര്‍.ടി.സി ബസോടിച്ച കല്‍പ്പറ്റ ഡിപ്പോയിലെ ഡ്രൈവര്‍ ബാബു ദിനേശിനെ കെ.എസ്.ആര്‍.ടി.സി വിജലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും സര്‍വിസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."