ചൊവ്വ-വ്യാഴം ഗ്രഹസംഗമം ശനിയാഴ്ച; നഗ്നനേത്രങ്ങളാല്‍ ദര്‍ശിക്കാം ശംസുദ്ധീന്‍ ഫൈസി
മലപ്പുറം: ചൊവ്വ, വ്യാഴം ഗ്രഹങ്ങളുടെ അപൂര്‍വസംഗമം ശനിയാഴ്ച പുലര്‍ച്ചെ നടക്കും. ശനിയാഴ്ച പുലര്‍ച്ചെ 2.27ന് വ്യാഴവും 2.28ന് ചൊവ്വയും കിഴക്കന്‍ ചക്രവാളത്തില്‍ ഉദിക്കും. പുലര്‍ച്ചെ നാലിന് ചക്രവാളത്തില്‍നിന്നും 45 ഡിഗ്രി ഇവ ഉയര്‍ന്നു പൊങ്ങും. അതോടെ ഇവ ഒരുമിച്ച് നില്ക്കുന്നതായി കാണാം. ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകുമെന്ന് വാന നിരീക്ഷകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു.
വ്യാഴത്തിന്റെ തെക്കുപടിഞ്ഞാറായി തൊട്ടടുത്താണ് ചൊവ്വയുണ്ടാവുക. പുലര്‍ച്ചെ ഏകദേശം ആറുവരെ ഈ ദൃശ്യം കാണാം. പിന്നീട് സൂര്യന്റെ ഉദയശോഭയില്‍ ഇവ മങ്ങിപ്പോകും. ഈ സമയം ഇവയ്ക്കിടയില്‍ ഒന്നര പൂര്ണചന്ദ്രന്മാരെ വയ്ക്കാനുള്ള വിടവാണ് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുക. സൗരയൂഥത്തിലെ രണ്ടുഗ്രഹങ്ങള്‍ ഇത്രയും അടുത്തുവരുന്ന പ്രതിഭാസത്തിനു കഞ്ചങ്ഷന് എന്നാണ് പറയുക.
20ന് പുലര്‍ച്ചെ കഞ്ചങ്ഷന് സമയത്ത് വ്യാഴത്തിനും ചൊവ്വയ്ക്കുമിടയിലുള്ള കോണീയ അകലം 42 മിനുട്ട് മാത്രമായിരിക്കും. 20ന് പുലര്‍ച്ചെ വ്യാഴത്തിന്റെ ഏഴ് ഡിഗ്രി തെക്കുകിഴക്കായി ശനിയുമുണ്ടാകും.
മറ്റൊരു ഗ്രഹസംഗമവും ഈ മാസം കാണാവുന്നതാണ്. വ്യാഴത്തില്‍നിന്നും നിത്യവും അല്പാല്പം തെക്ക് കിഴക്ക് ദിശയില്‍ നീങ്ങുന്ന ചൊവ്വ, 31 ന് പുലര്‍ച്ചെ ശനിയുടെ ഒരു ഡിഗ്രി സമീപത്തെത്തും. അപ്പോള്‍ ശനിക്കും ചൊവ്വയ്ക്കുമിടയില്‍ രണ്ട് പൂര്‍ണ ചന്ദ്രന്മാരെ വെക്കാനുള്ള വിടവാണ് കാണുന്നവര്‍ക്ക് അനുഭവപ്പെടുക. ഇതോടെ മാര്‍ച്ച് മാസത്തില്‍ രണ്ട് ഗ്രഹസംഗമമാണ് കാണാനാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."