കെ.എസ്.ഡി.പി ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: കൊവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ.എസ്.ഡി.പി) ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്പാദനം ഇരട്ടിയാക്കി. ഇതിനൊപ്പം വിതരണ സംവിധാനവും സജീവമാക്കി.
സാനിറ്റൈസര്‍ കുപ്പികളില്‍ നിറയ്ക്കാന്‍ പുതിയ ഫില്ലിങ് യന്ത്രം എത്തിച്ചു. ആദ്യം സാധാരണ കുപ്പികളിലായിരുന്നു വിതരണം. ഇപ്പോള്‍ ഡ്രോപ്പറോടു കൂടിയ കുപ്പി ഉപയോഗിക്കാന്‍ തുടങ്ങി. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതിന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഉല്പാദനം തുടങ്ങിയത്. അര ലിറ്ററിന്റെ 6,500 ബോട്ടില്‍ സാനിറ്റൈസര്‍ ഇതിനകം വിതരണം ചെയ്തു.
ഉല്പാദനം വര്‍ധിപ്പിക്കാന്‍ പുതുതായി ഒരു ഫില്ലിങ് യന്ത്രം കൂടി എത്തിക്കും. അസംസ്കൃത വസ്തുക്കളുടെ കുറവു പരിഹരിക്കാന്‍ എക്സൈസ് വകുപ്പില്‍ നിന്ന് സ്പിരിറ്റ് ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയാറാക്കുന്നത്. അതുകൊണ്ടു തന്നെ നിലവാരമുള്ള ഉല്പന്നമാണ്. നിലവിലെ ഫോര്‍മുലയ്ക്കൊപ്പം കാര്യക്ഷമമായ മറ്റൊരു ഫോര്‍മുലയില്‍ കൂടി സാനിറ്റൈസര്‍ നിര്‍മാണത്തിന് ഒരുങ്ങുകയാണ് കെ.എസ്.ഡി.പി.
പൊതുവിപണിയില്‍ 100 മില്ലിലിറ്റര്‍ സാനിറ്റൈസറിന് 150 മുതല്‍ 200 രൂപ വരെ ഈടാക്കുന്നുണ്ട്. എന്നാല്‍ കെ.എസ്.ഡി.പിയുടെ അര ലിറ്റര്‍ ഹാന്റ് സാനിറ്റൈസറിന് 125 രൂപ മാത്രമാണ് വില. ഉല്പാദനച്ചെലവ് മാത്രമാണ് ഈടാക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കാന്‍ ആവശ്യമായ സാനിറ്റൈസറാണ് തയാറാക്കിയത്. അതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ മരുന്നും മറ്റും വിതരണം ചെയ്യുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് (കെ.എം.എസ്.സി.എല്‍) സാനിറ്റൈസര്‍ കൈമാറുകയായിരുന്നു.
എന്നാല്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യവുമായി കെ.എസ്.ഇ.ബി, കെ.എസ്.ആര്.ടി.സി, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവര്‍ സമീപിച്ചു. ഈ സാഹചര്യത്തിലാണ് ഉല്പാദനം വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."