അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് 22ന് മുഖ്യമന്ത്രി തുറന്നുകൊടുക്കും
കാഞ്ഞങ്ങാട്: നിര്‍മാണം ആരംഭിച്ച് 22 വര്‍ഷം പിന്നിട്ട അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് 22നു മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകൊടുക്കും. ഇതേ വേദിയില്‍ മറ്റു പത്ത് പദ്ധതികളുടെ ഉദ്ഘാടനം ബന്ധപ്പെട്ട മന്ത്രിമാര്‍ നിര്‍വഹിക്കും.
ബസ്സ്റ്റാന്‍ഡിനടുത്ത് നഗരസഭയുടെ സ്ഥലത്ത് തന്നെ പണി കഴിപ്പിച്ച സംസ്ഥാനത്തെ ആദ്യത്തെ ഷി ലോഡ്ജ്, കെ.എസ്.ടി.പി റോഡ്, തീരദേശ കുടിവെള്ള പദ്ധതികള്‍, ഹൊസ്ദുര്‍ഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് പാര്‍ക്ക്, മാലിന്യ സംസ്‌കരണത്തിനുവേണ്ടിയുള്ള ചെമ്മട്ടംവയല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ ഹരിത കര്‍മസേന, നഗരസഭയുടെ അങ്കണവാടികള്‍, നവീകരിച്ച മാലിന്യ പ്ലാന്റോടുകൂടിയ മത്സ്യമാര്‍ക്കറ്റ്, നഗരസഭയുടെ പേ പാര്‍ക്കിങ്, പി.എം.എ.വൈയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 100 ഭവനപദ്ധതികളുടെ നിര്‍മാണം തുടങ്ങിയ പത്ത് പദ്ധതികളാണ് അന്ന് ഉദ്ഘാടനം ചെയ്യുക.
മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനകും. മന്ത്രി ജി. സുധാകരന്‍, എ.സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, ജെ. മേഴ്‌സിക്കുട്ടി അമ്മ, കെ.കെ ശൈലജ, ഇ.പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും.
അലാമിപ്പള്ളിയില്‍ ബസ്സ്റ്റാന്‍ഡ് പണിയുന്നതിനു 1995 ലാണ് ഭൂമി ഏറ്റെടുത്തത്.
1997ല്‍ വി. ഗോപി ചെയര്മാനായിരിക്കുന്ന സമയത്താണ് ബസ് സ്റ്റാന്റ് നിര്‍മാണം തുടങ്ങിവെത്. പിന്നീട് 2006 ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദനാണ് തറക്കല്ലിട്ടത്.
12 വര്‍ഷമെടുത്താണ് പ്രവൃത്തി പൂര്‍ത്തികരിച്ചത്. ഉദ്ഘാടനത്തിനുശേഷം കലാപരിപാടികളും നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായാണ് ബസ് ടെര്‍മിനലും മറ്റും ഉല്‍ഘാടനം ചെയ്യുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ എല്‍. സുലൈഖ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മഹമൂദ് മുറിയനാവി, എന്‍. ഉണ്ണിക്കൃഷ്ണന്‍, ഗംഗാ രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എം. ബല്‍രാജ്, സി.കെ വത്സന്‍, സെക്രട്ടറി എം.എസ് അനിഷ്, എന്‍ജിനിയര്‍ റോയ് മാത്യു, സംഘാടക സമിതി ഭാരവാഹി സി.കെ ബാബുരാജ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."