ഒളവറ-ഉളിയം കടവ്, രാമവില്യം റെയില്‍വേ ഗേറ്റുകള്‍ക്ക് മേല്‍പാലത്തിന് അനുമതി
തൃക്കരിപ്പൂര്‍: ഒളവറ-ഉളിയം കടവ് ഗേറ്റിലും രാമവില്യത്തും മേല്‍പാലം വരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായിരുന്ന ഒളവറ ഉളിയം കടവ് സ്മാരകത്തിലേക്കുള്ള ഗതാഗതം ഒളവറ റെയില്‍വേ ഗേറ്റ് വഴിയാണ്. ഇവിടെ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുണ്ട്. ഒളവറ ഗേറ്റില്‍ 15.9 കോടി, രാമവില്യം ഗേറ്റില്‍ 15.6 കോടിയുമാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്.
ഒളവറ ഉളിയം ഗേറ്റില്‍ മണ്ണ് പരിശോധന ഒരു മാസം മുന്‍പ് പൂര്‍ത്തിയായിരുന്നു. ഇതോടെ തൃക്കരിപ്പൂരിലെ അഞ്ചു റെയില്‍വേ ഗേറ്റുകളിലും മേല്‍പാലം അനുവദിച്ചു. വെള്ളാപ്പ് റോഡ്, ബീരിച്ചേരി, രാമവില്യം, ഒളവറ ഗേറ്റുകള്‍ വഴിയാണ് ഗതാഗത സൗകര്യമുള്ളത്. രണ്ടു വര്‍ഷം മുന്‍പ് ഇളമ്പച്ചി തലിച്ചാലം ഗേറ്റ് ഒഴിവാക്കി അടിപ്പാത ഒരുക്കിയെങ്കിലും നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം കാലവര്‍ഷത്തില്‍ വെള്ളക്കെട്ടുണ്ടാകുമ്പോള്‍ അടച്ചിടുന്ന അവസ്ഥയാണ്. സമാന രീതിയില്‍ രാമവില്യം ഗേറ്റിലും അടിപ്പാത നിര്‍മിക്കാനായിരുന്നു റെയില്‍വേയുടെ തീരുമാനം. എന്നാല്‍ പി കരുണാകരന്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവിടെയും പാലം അനുവദിച്ചത്.
2020 ഓടെ പാലക്കാട് ഡിവിഷനിലെ മുഴുവന്‍ ലെവല്‍ ക്രോസുകളും നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് അടിപ്പാതയും മേല്‍പാലവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ തീരുമാനം. ബീരിച്ചേരി മേല്‍പാലത്തിനായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തയാറാക്കിയ രൂപ രേഖ കിഫ്ബിക്ക് കൈമാറി. അംഗീകാരം ലഭിക്കുന്ന മുറക്ക് മൂന്നുമാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. ഭൂ ഉടമകളുടെ സഹകരണം കൂടിയായാല്‍ കരാര്‍ നടപടി പൂര്‍ത്തിയാക്കി ജൂണില്‍ നിര്‍മാണം ആരംഭിക്കും. റെയില്‍വേ അനുവദിച്ച 20 കോടിക്ക് പുറമെയുള്ള തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. 38 മേല്‍പാലങ്ങള്‍ക്കാണ് കഴിഞ്ഞ ഏപ്രിലില്‍ തുക അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഡി.പി.ആര്‍ പൂര്‍ത്തിയായി കരാര്‍ നടപടിയിലേക്ക് നീങ്ങിയത് ബീരിച്ചേരി മാത്രമാണ്. പുതുതായി 95 സെന്റ് ഭൂമി ഏറ്റെടുക്കണം. 7.88 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചത്. ഈ വിഹിതം റവന്യു വകുപ്പ് നല്‍കണം. 33 കോടി രൂപയാണ് നിര്‍മാണ ചെലവ്. 18 കെട്ടിടങ്ങള്‍ പൊളിച്ച് സൗകര്യമൊരുക്കണം. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 10.2 മീറ്റര്‍ വീതിയിലാണ് മേല്‍പാലം പണിയുക. 50 മീറ്റര്‍ ഭാഗം റെയില്‍വേ നേരിട്ട് നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."