വിവിപാറ്റ്- ഇനി ആര്‍ക്ക് വോട്ട് ചെയ്‌തെന്നറിയാം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വോട്ടര്‍മാരുടെ ഏറ്റവും വലിയ സംശയങ്ങളിലൊന്നാണ് എന്താണീ വിവിപാറ്റെന്ന്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിക്കുമ്പോഴും വോട്ടര്‍മാര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ജനങ്ങള്‍ക്ക് ഏറെ സുപരിചിതവും വിശ്വാസകരവുമായി മാറി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഒരുഭാഗമാണ് വിവിപാറ്റ് അഥവാ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ട് രേഖപ്പെടുത്തിയ ചിഹ്നത്തില്‍ തന്നെ ലഭിച്ചിട്ടുണ്ടോ എന്ന് വോട്ടര്‍ക്ക് വിവിപാറ്റിലൂടെ നേരിട്ടു മനസിലാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. നാം രേഖപ്പെടുത്തുന്ന വോട്ട് ഏതു സ്ഥാനാര്‍ഥിക്കാണോ ആ സ്ഥാനാര്‍ഥിയുടെ ചിഹ്നം വിവിപാറ്റില്‍ ഏഴു സെക്കന്‍ഡ് സമയത്തേക്ക് കാണാനാവും. ഇതിലൂടെ വോട്ട് ചെയ്ത സ്ഥാനാര്‍ഥിക്കാണ് നമ്മുടെ വോട്ട് ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാം.
രേഖപ്പെടുത്തപ്പെടുന്ന ഓരോ വോട്ടും പേപ്പര്‍ രൂപത്തില്‍ വിവിപാറ്റിനുള്ളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ഭാവിയില്‍ വോട്ട് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പേപ്പര്‍ വോട്ടുകള്‍ എണ്ണി സംശയങ്ങള്‍ ദൂരീകരിക്കാം. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെട്ടതുമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് വിവിപാറ്റ് തയാറാക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയിലെ വിദഗ്ധരായ ഐ.ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ സാങ്കേതിക കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇവയില്‍ ഇന്റര്‍നെറ്റ്, വൈ-ഫൈ, ബ്ലൂടൂത്ത്, വയര്‍ലെസ്, ട്രാന്‍സിസ്റ്റര്‍, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങി യാതൊരു വസ്തുക്കളുമായും പുറമെനിന്നും ബന്ധപ്പെടാന്‍ കഴിയുകയില്ല. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ഇലക്ട്രിസിറ്റിയുടെ ആവശ്യവുമില്ല. അതിനാല്‍ പുറമെനിന്നും ഇവയെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. ഇത്രത്തോളം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ് ജനാധിപത്യത്തിന്‍മേലുള്ള കടന്നുകയറ്റങ്ങളെ പൂര്‍ണമായും ഇല്ലാതാക്കി തെരഞ്ഞെടുപ്പിനെ പൂര്‍ണമായും സുതാര്യവും കുറ്റമറ്റതാക്കിത്തീര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."