അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വൈദ്യുതിചാര്‍ജ് വര്‍ധനയും; ഐസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം സ്തംഭനത്തില്‍
തുറവൂര്‍:ഐസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലായതോടെ തൊഴിലാളികളും ഉടമകളും പ്രതിസന്ധിയിലായി.
ഐസ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് പുറമേ വൈദ്യുതിചാര്‍ജ് വര്‍ദ്ധിച്ചതുമാണ് പ്ലാന്റുകളുടെ പ്രവര്‍ത്തനം സ്തംഭിക്കാന്‍ കാരണമായത്. 150ല്‍ നിന്ന് ഫിക്‌സ്ഡ് ചാര്‍ജ് 250 രൂപയാക്കിയത് സ്ഥാപനങ്ങള്‍ക്ക് കനത്ത അടിയായി മാറി.
പ്രളയ സമയത്ത് ഐസ് പ്ലാന്റ് മാസങ്ങളോളം അടച്ചിട്ടിരുന്നു. ഈ കാലത്തിലും ഫിക്‌സ്ഡ് ചാര്‍ജ് ഈടാക്കിയിരുന്നതിനാല്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നതായി ഉടമകള്‍ പറയുന്നു. പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ പല ഐസ് പ്ലാന്റ്കളും ഇപ്പോഴും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. മത്സ്യദൗര്‍ലഭ്യം മൂലം സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങളില്‍ ഉല്പാദനം കുറച്ചതോടെ പ്ലാന്റുകളുടെ നിലനില്‍പ്പ് തന്നെ വലിയ പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ വ്യക്തമാക്കി. ആവശ്യവസ്തുക്കളായ ഓയില്‍, ഐസ് ക്വാന്‍, പൈപ്പുകള്‍, ഷീറ്റുകള്‍ എന്നിവയുടെ വിലകള്‍ നീയന്ത്രിച്ചും വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിച്ചും ഐസ് പ്ലാന്റ് മേഖലയെ സംരക്ഷിക്കാന്‍ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഉടമകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."