ജുഡിഷ്യറിയുടെ ഒറ്റുകാരന്‍ രാജ്യസഭാംഗം
മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ അനുസ്മരിപ്പിക്കുന്നു കഴിഞ്ഞ നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ച രഞ്ജന്‍ ഗൊഗോയ്. ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായി ഒരുകൂട്ടം വിധിപ്രസ്താവങ്ങള്‍ നടത്തിയതിന്റെ ഉപകാരസ്മരണയായി അദ്ദേഹത്തിന് രാജ്യസഭാ അംഗത്വം നല്‍കിയിരിക്കുകയാണിപ്പോള്‍. മുന്‍പും ജസ്റ്റിസുമാര്‍ രാജ്യസഭാ അംഗങ്ങളായിട്ടുണ്ട്. അതൊക്കെയും അവര്‍ രാജ്യസഭയിലേക്കു മത്സരിച്ചായിരുന്നു. കലാ, സാഹിത്യം, സാമൂഹികം, സാംസ്‌കാരികം തുടങ്ങിയ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവര്‍ക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന രാജ്യസഭാ സീറ്റിലേക്കാണ് രഞ്ജന്‍ ഗൊഗോയ് കയറി ഇരിക്കുവാന്‍ പോകുന്നത്.
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ സുപ്രിം കോടതി ബഹിഷ്‌കരിച്ച് പുറത്തുവന്നു പത്രസമ്മേളനം നടത്തുകയുണ്ടായി. അതിന്റെ മുന്‍നിരയില്‍ ഉപവിഷ്ടനായിരുന്നു രഞ്ജന്‍ ഗൊഗോയ്. അടുത്ത ചീഫ് ജസ്റ്റിസ് താനാണെന്നറിഞ്ഞിട്ടും സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന തരത്തില്‍ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന രഞ്ജന്‍ ഗൊഗോയിയെ ഓര്‍ത്ത് അന്ന് അദ്ദേഹത്തോടൊപ്പം ഇറങ്ങിവന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള ന്യായധിപന്മാര്‍ ഇന്നു ലജ്ജിക്കുന്നുണ്ടാകണം. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച വിചാരണ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വളരെ ജൂനിയറായ ജഡ്ജിയുടെ കോടതിയിലേക്ക് വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഗൊഗോയ് അടക്കമുള്ള മുതിര്‍ന്ന നാല് ജഡ്ജിമാര്‍ കോടതിമുറി ബഹിഷ്‌കരിച്ചത്. ഇപ്പോള്‍ തോന്നുന്നു, അന്നത്തെ ദീപക് മിശ്ര ഇന്നത്തെ രഞ്ജന്‍ ഗൊഗോയിയേക്കാള്‍ എത്ര കേമന്‍.
ദീപക് മിശ്രക്ക് ശേഷം ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയിയുടെ 'രൂപ'പരിണാമം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഗൊഗോയ് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മുന്‍പിലേക്ക് അയോധ്യയിലെ ബാബരി മസ്ജിദ് കേസ് വിചാരണക്കെത്തുന്നത്. താന്‍ വിരമിക്കുന്നതിനു മുന്‍പ് കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന ഗൊഗോയിയുടെ ശാഠ്യം പുറത്തുവന്നപ്പോള്‍ തന്നെ പലരും അപകടം മണത്തു. പ്രതീക്ഷിച്ചതുപോലെ തന്നെ വിധി പ്രസ്താവത്തിനു പകരം ബി.ജെ.പിക്ക് അനുകൂലമായ ഒത്തുതീര്‍പ്പാണ് ഗൊഗോയ് ചീഫ് ജസ്റ്റിസിന്റെ ഇരിപ്പിടത്തില്‍ ഇരുന്നു നല്‍കിയത്. തീര്‍ന്നില്ല, ശബരിമല കേസും അതിനു മുന്‍പ് റഫാല്‍ ഇടപാട് കേസും കശ്മിരിന്റെ 370-ാം വകുപ്പു റദ്ദാക്കിയതിലുമെല്ലാം ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞുകൊണ്ട് ഗൊഗോയ് അവരെ പുളകം കൊള്ളിച്ചു. ഇതിനെല്ലാം കാരണമായത് ഒരു സ്ത്രീ രഞ്ജന്‍ ഗൊഗോയിക്കെതിരേ ഉയര്‍ത്തിയ ലൈംഗികാരോപണമായിരുന്നു. ഇങ്ങനെ ഒരു ആരോപണം വന്നാല്‍ ആ നിമിഷം ചീഫ് ജസ്റ്റിസിന്റെ കസേരയില്‍ പ്രസ്തുത വ്യക്തി ഉണ്ടാവുകയില്ല. എന്നാല്‍ തനിക്കെതിരേ വന്ന ആരോപണം താന്‍ തന്നെ കൈകാര്യം ചെയ്യുന്ന രീതിയാണു ഗൊഗോയ് സ്വീകരിച്ചത്. മാത്രമല്ല, ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ സഹായിയായിരുന്ന, ആരോപണം ഉന്നയിച്ച യുവതിയെയും അവരുടെ ഭര്‍ത്താവിനെയും സഹോദരനെയും ജോലിയില്‍നിന്നു പിരിച്ചുവിടാനും വിചിത്രമായ ഉത്തരവിറക്കി ഈ ന്യായാധിപന്‍.
ബാബരി മസ്ജിദ് തകര്‍ത്ത കേസ് വിധി പറയുന്നതിന്റെ നാലു ദിവസം മുന്‍പാണ് 2018 നവംബര്‍ 25ന് ഡല്‍ഹിയില്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്റ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുഖ്യന്യായാധിപന്മാരുടെ യോഗം ചേര്‍ന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഒന്നാം നമ്പര്‍ മുറിയിലായിരുന്നു യോഗം. ഈ യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൊഗോയ് ക്ഷണിച്ചത് എന്തിനായിരുന്നു. അതുവരെ രാജ്യത്തെ ഒരൊറ്റ പ്രധാനമന്ത്രിമാരും ന്യായാധിപന്മാരുടെ വീടുകള്‍ സന്ദര്‍ശിക്കുകയോ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുകയോ ഉണ്ടായിട്ടില്ല. രണ്ടു മണിക്കൂര്‍ നേരമാണ് അടച്ചിട്ട മുറിയില്‍ മോദിയും ഗൊഗോയിയും ചര്‍ച്ച നടത്തി പിരിഞ്ഞത്. അതിനു ശേഷമാണ് സര്‍ക്കാര്‍ അനുകൂല വിധി പ്രസ്താവങ്ങളുടെ പരമ്പര ഗൊഗോയ് ഇറക്കി തുടങ്ങിയത്. ഇന്ത്യന്‍ ജുഡിഷ്യറിയുടെ ശവദാഹമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മുറിയില്‍ അന്ന് അവര്‍ നടത്തിയതെന്നതിന്റെ തെളിവുകളാണ് പിന്നീട് വന്ന വിധി പ്രസ്താവങ്ങളൊക്കെയും.
രഞ്ജന്‍ ഗൊഗോയി വിരമിച്ചതിനു പിന്നാലെ ആരോപണം ഉന്നയിച്ച ജോലിക്കാരിക്കും അവരുടെ ഭര്‍ത്താവിനും സഹോദരനും വീണ്ടും ജോലി ലഭിച്ചതും ദുരൂഹമായി ഇന്നും തുടരുന്നു. ഇതിന്റെ സത്യാവസ്ഥകളെല്ലാം കാലമാണ് പുറത്തുകൊണ്ടുവരേണ്ടത്. രഞ്ജന്‍ ഗൊഗോയിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിലൂടെയും ഡല്‍ഹി വംശഹത്യക്ക് ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിധി പറഞ്ഞ മുരളീധറിനെ രായിക്കുരാമാനം നാടുകടത്തിയതിലൂടെയും സംഘ്പരിവാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു നല്‍കുന്ന സന്ദേശം വ്യക്തമാണ്. അതായത് രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ ചൊല്‍പ്പടിയിലായിരിക്കുന്നു. നീതിയും ന്യായവും ഇനി ഞങ്ങള്‍ തീരുമാനിക്കുന്നതു പോലെയായിരിക്കും രാജ്യത്ത് പുലരുക. ഒപ്പം നില്‍ക്കുന്നവര്‍ക്ക് ഗൊഗോയിയെപ്പോലെ തിളങ്ങാം. എതിര്‍ക്കുന്നവര്‍ക്ക് ജസ്റ്റിസ് മുരളീധറിന്റെ വിധിയും ഉണ്ടാകാം. ഇന്ത്യന്‍ ജുഡിഷ്യറിയുടെ ഘാതകനായിട്ടായിരിക്കും ചരിത്രം രഞ്ജന്‍ ഗൊഗോയിയെ ചിലപ്പോള്‍ രേഖപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."