HOME
DETAILS
MAL
ആര്യങ്കാവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട്
backup
March 18 2020 | 21:03 PM
സ്വന്തം ലേഖകന്‍
കൊല്ലം: കൊവിഡ് പശ്ചാത്തലത്തില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ഇവിടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ആര്യങ്കാവ് വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവരെ കര്‍ശന പരിശോധന നടത്തിയ ശേഷം മാത്രമാണ് കടത്തി വിടുന്നത്. അടിയന്തര ആവശ്യങ്ങളുമായി വരുന്നവരെ മാത്രം തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായാണ് സൂചന.
ഇന്നലെ രാവിലെ 11 മുതലായിരുന്നു അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തെങ്കാശി ജില്ലാ കലക്ടര്‍ അരുണ്‍ ശങ്കര്‍ ദയാലന്‍ നേരിട്ട് ചെക്ക് പോസ്റ്റിലെത്തി പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിനും വിനോദസഞ്ചാരത്തിനും ബന്ധുക്കളെ കാണാനും മറ്റുമായി ആര്യങ്കാവ് വഴി പോകുന്നവരെ അധികൃതര്‍ ചെക്ക് പോസ്റ്റില്‍ നിന്നും മടക്കി അയച്ചു. അതേസമയം പ്രധാനപ്പെട്ട ആവശ്യങ്ങളുമായി തമിഴ്‌നാട്ടിലേക്ക് പോകുന്നവരെ അധികൃതര്‍ കടത്തി വിടുന്നുമുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ടി.എന്‍.എസ്.ടി.സി ബസുകള്‍ക്കും ചരക്കുവണ്ടികള്‍ക്കും നിയന്ത്രണമില്ല.
അതേസമയം മലയാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ പരിശോധന കര്‍ശനമാക്കാന്‍ എല്ലാ ജില്ലാ കലക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറയുന്നുണ്ട്. ആര്യങ്കാവ് അതിര്‍ത്തിയിലെ നിയന്ത്രണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."