കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മൂന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില സാധാരണയില്‍നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികമായി ഉയരും. ജില്ലയില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും നഗരങ്ങളിലും നിരത്തിലും സഞ്ചരിക്കുന്നവരും വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി വൈകിട്ട് നാല് വരെയെങ്കിലും ജാഗ്രത പാലിക്കണം.
ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം.
പകല്‍ 11 മുതല്‍ നാലുവരെയുള്ള സമയത്ത് നേരിട്ട് സൂര്യാതപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. ശുദ്ധജലം ധാരാളം കുടിക്കണം. കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകളെടുത്തുവേണം ജോലിയില്‍ ഏര്‍പ്പെടേണ്ടത്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങരുത്.
ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഉടന്‍ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണം.
അസ്വസ്ഥത അനുഭപ്പെടുന്നവര്ക്ക് പ്രഥമശുശ്രൂഷ നല്‍കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണം.
അന്തരീക്ഷ താപനിലയില്‍ നാലര ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധനയുണ്ടാകുന്ന സാഹചര്യത്തെയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉഷ്ണതരംഗം മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അന്തരീക്ഷ താപനില മൂന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യല്‍ വരെ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."