നിരീക്ഷണത്തിലുള്ളവരെ 'നിരീക്ഷിക്കാന്‍' പൊലിസ്
തിരുവനന്തപുരം: കൊവിഡ്-19 ന്റെ സാമൂഹ്യവ്യാപനം തടയാന്‍ വീടുകളില്‍ നിരീക്ഷണത്തിലും ക്വാറന്റൈനിലും കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോയെന്ന് പൊലിസ് നിരീക്ഷിക്കും.
പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് ആരോഗ്യ, അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നടപടി.
ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന ദിവസം വരെയാണ് നിരീക്ഷണം. ജില്ലാ, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിനാണ് ഏകോപന ചുമതല. ഇത്തരക്കാര്‍ക്ക് ആവശ്യമായ ആരോഗ്യ, ഭക്ഷണ സൗകര്യം ഒരുക്കാനും പൊലിസ് ഇടപെടും.
സംസ്ഥാനത്ത് കൊവിഡ് രണ്ടാമതും റിപ്പോര്‍ട്ട് ചെയ്തശേഷം വിവിധ വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിയവരുടെ മുഴുവന്‍ വിവരങ്ങളും പൊലിസ് ശേഖരിച്ചു.
വൈറസ് ബാധയെക്കുറിച്ചുള്ള ഭീതിയില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് താമസം നിഷേധിക്കുന്നത് പരിഹരിക്കാനും പൊലിസ് നടപടി ആരംഭിച്ചിട്ടുണ്ട്.
ഇത്തരക്കാരെ കണ്ടെത്തിയാലുടന്‍ ടൂറിസം വകുപ്പിനെ അറിയിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. സഞ്ചാരികള്‍ക്ക് താമസസൗകര്യം ലഭിച്ചെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ക്കും തുടക്കമായി.
സംസ്ഥാന അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലുമുള്ള പരിശോധന ജില്ലാ അതിര്‍ത്തികളിലേയ്ക്കും വ്യാപിപ്പിച്ചു. ഇതിനായി കെ.എ.പി, എ.ആര്‍ ബറ്റാലിയനുകളുടെ സഹായം തേടി. ഒരു ആരോഗ്യപ്രവര്‍ത്തകന്‍, അഞ്ച് പൊലിസ് ഉദ്യോഗസ്ഥര്‍ എന്ന തോതിലാണ് പരിശോധനാസംഘം. ആര്യങ്കാവ്, കാസര്‍കോട്, വാളയാര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ പേരെ അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."