ജാഗ്രതയ്ക്കിടയില്‍ കള്ളുഷാപ്പ് ലേലം
കാക്കനാട്: കൊവിഡ് 19നെതിരേ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കേ സംസ്ഥാനത്ത് കള്ളുഷാപ്പ് ലേലം. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇന്നലെ കള്ളുഷാപ്പുകളുടെ ലേലം നടന്നത്.
എറണാകുളം കലക്ടറേറ്റില്‍ നടത്തിയ ലേലത്തില്‍ ഉദ്യോഗസ്ഥരടക്കം 200 പേരാണ് പങ്കെടുത്തത്. നടപടികളില്‍ ചിലര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കലക്ടറേറ്റിലെ ലേലം നിര്‍ത്തിവക്കുകയും ഉച്ചക്ക് ശേഷം എറണാകുളം കച്ചേരിപ്പടിയിലെ എക്‌സൈസ് ഓഫിസില്‍ വച്ച് ഷാപ്പ് ലേലം നടത്തുകയുമായിരുന്നു.
ലേലം നടക്കുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം ലേല നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
എല്ലാ സുരക്ഷാ മുന്‍കരുതലും ഒരുക്കിയ ശേഷമാണ് ലേലം സംഘടിപ്പിച്ചതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കണ്ണൂരിലും ഷാപ്പ് ലേലം യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി. നേരത്തെ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന ലേലം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലേക്ക് മാറ്റിയിരുന്നു.
കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം മറികടന്ന് മലപ്പുറം കലക്ടറേറ്റ് ചേംബറില്‍ നടന്ന കള്ളുഷാപ്പ് ലേലംവിളി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തില്‍ യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ചേംബറിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. കലക്ടറുടെ ചേംബര്‍ വാതിലിനു മുന്നില്‍ ഉപരോധം തീര്‍ത്തു പിരിഞ്ഞുപോവാന്‍ തുടങ്ങിയ പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തുനീക്കിയത് സംഘര്‍ഷത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."