പെയ്തു തോരുമോ വിഷമഴ
ജാവിദ് അഷ്‌റഫ്#
എന്‍ഡോസള്‍ഫാന്‍
ഓര്‍ഗാനോ ക്ലോറിന്‍ സംയുക്തമായ എന്‍ഡോസള്‍ഫാന്‍ മനുഷ്യരടങ്ങുന്ന ജീവജാലങ്ങളില്‍ ഹോര്‍മോണ്‍ തകരാറുകളും ജനിതക വൈകല്യങ്ങളുമടങ്ങുന്ന ദുരിതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന വാദത്തെത്തുടര്‍ന്ന് ഇന്ത്യയിലെ കാര്‍ഷിക രംഗത്തുനിന്ന് ഇവ തുടച്ചു നീക്കപ്പെട്ടിട്ടുണ്ട്. മാരക ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍-പടിഞ്ഞാറന്‍ ആഫ്രിക്കനില്‍പ്പെട്ട അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്.
ഇന്ത്യ
എന്‍ഡോസള്‍ഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദന- വിതരണ രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. എന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം 2011 മെയ് 13 ന് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വിതരണവും നിരോധിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദ പ്രകാരം ജീവിക്കാനുള്ള മനുഷ്യാവകാശത്തേയും സ്വാതന്ത്ര്യത്തേയും മുന്‍ നിര്‍ത്തിയുള്ള മുന്‍ ഉത്തരവുകളും കോടതിവിധിയെ സ്വാധീനിച്ചു.
ലീലാകുമാരി അമ്മ
എന്‍ഡോസള്‍ഫാന്‍ വിഷപ്രയോഗത്തിനെതിരെ ആദ്യമായി രംഗത്തെത്തിയ പരിസ്ഥിതി പ്രവര്‍ത്തകയാണ് ലീലാകുമാരി അമ്മ. കാസര്‍കോടിന്റെ പല പ്രദേശങ്ങളിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, മുന്നറിയിപ്പോ സുരക്ഷയോ ഒരുക്കാതെയാണ് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതെന്ന് ബോധ്യം വന്നതോടെ ഇവര്‍ ജനങ്ങളെ സംഘടിപ്പിച്ച് പോരാട്ടം ആരംഭിക്കുകയായിരുന്നു.
പെരിയ കൃഷി ഭവനില്‍ ഉദ്യോഗസ്ഥയായിരുന്ന ലീലാകുമാരി അമ്മ കീഴ്‌ക്കോടതി തൊട്ട് മേല്‍ക്കോടതി വരെ പ്ലാന്റേഷന്റെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാന്‍ ലീലാകുമാരി അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം നടത്തുന്നതോടുകൂടി അന്തരീക്ഷം മൂടല്‍മഞ്ഞ് പോലുള്ള പ്രതിഭാസത്താല്‍ മൂടപ്പെടുകയും മാസങ്ങളോളം ഈ സ്ഥിതി തുടരുകയും ചെയ്യുമെന്ന് ലീലാകുമാരി അമ്മ പറയുന്നു. ഈ കാലമത്രയും എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന വായുവാണത്രേ ആ പ്രദേശത്തുകാര്‍ ശ്വസിച്ചിരുന്നത്. എന്‍ഡോസള്‍ഫാന്‍ പോരാട്ടം ഭാവി തലമുറയ്ക്കു കൂടി വേണ്ടിയുളളതാണെന്ന് അവകാശപ്പെടുന്ന അവര്‍ 2005 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന നാമനിര്‍ദേശത്തില്‍ ഇന്ത്യയില്‍നിന്നുള്ള പത്തു പേരില്‍ ഒരാളായിരുന്നു.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍
കേരള സര്‍ക്കാറിന്റെ സംരഭമായ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള (പി.സി.കെ), കോട്ടയം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. തോട്ടവിളകളുടെ വികസനമാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മുഖ്യ ലക്ഷ്യം. കശുമാവിന്‍ തോട്ടങ്ങളില്‍ കാണപ്പെടുന്ന കീടങ്ങളെ ചെറുക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്തി അമിത ഗാഢതയുള്ള എന്‍ഡോസള്‍ഫാനാണ് കോര്‍പറേഷന്‍ വര്‍ഷങ്ങളായി തളിച്ചിരുന്നത്. ഈ വിഷമഴയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് കാസര്‍കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളായിരുന്നു.
യാതൊരു മുന്‍ കരുതലോ മുന്നറിയിപ്പോ കൂടാതെയുള്ള ഈ മരുന്നു പ്രയോഗം മൂലം വായുവിലും ജലസ്രോതസുകളിലും എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ അംശം കലരുകയും നിരവധിപേര്‍ കീടനാശിനി മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുകയും ചെയ്തു വരുന്നു.
നിര്‍ദ്ദിഷ്ട അളവിലും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ഒരു ലിറ്റര്‍ ജലത്തില്‍ 2 മി.ലി എന്ന തോതിന് പകരം കോര്‍പറേഷന്‍ ഒരു ലിറ്ററില്‍ 33 മി.ലി ആണ് എന്‍ഡോസള്‍ഫാന്‍ ചേര്‍ത്തിരുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഗവണ്‍മെന്റുകള്‍ ഓരോ ബജറ്റിലും തുക വകയിരുത്താറുണ്ടെങ്കിലും കൃത്യമായ നഷ്ടപരിഹാരം ലഭ്യമായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
എന്‍ഡോസള്‍ഫാന്‍
കലാസൃഷ്ടികളില്‍
അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം(ഡോക്യുമെന്ററി)-എം.എ റഹ്മാന്‍, പകര്‍ന്നാട്ടം(സിനിമ)-ജയരാജ്, എ പെസ്റ്ററിങ് ജേര്‍ണി(ഡോക്യുമെന്ററി)-കെ.ആര്‍ മനോജ്, എന്‍മകജെ(നോവല്‍)-അംബികാസുതന്‍ മാങ്ങാട് തുടങ്ങിയ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട കലാസൃഷ്ടികളാണ്.
എന്‍മകജെ
എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെത്തുടര്‍ന്ന് നാലായിരത്തോളം മരണം റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയിലെ ഒരു പ്രദേശമാണ് എന്‍മകജെ. കശുമാവിന്‍ തോട്ടങ്ങള്‍ നിറഞ്ഞ എന്‍മകജെയിലെ പാട്രെ ഗ്രാമവും എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയാണ്.
ദുരന്തത്തിന്റെ ബാക്കിപത്രം
വലിയ തലയും ചെറിയ ഉടലുകളുമായി പിറന്നു വീഴുന്ന കുട്ടികള്‍, കാന്‍സര്‍ രോഗബാധയേറ്റവര്‍, അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ബാധിച്ചവര്‍...എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗംമൂലം കാസര്‍കോട് ജില്ലയിലെ പല പ്രദേശത്തും പിറന്നു വീണവരെക്കുറിച്ചുള്ള വിശേഷണങ്ങളാണിവ. മാരകമായ അനേകം രോഗങ്ങള്‍ക്ക് ഈ പ്രദേശം ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം ഇത്തരം മാരക രോഗങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്. എന്‍ഡോസള്‍ഫാനുമായി പ്രതിപ്രവര്‍ത്തിച്ച് ജനിതക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.
നിരോധനം നടന്നിട്ട് ഒന്നര ദശകങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ കാരണം മറ്റെന്തെങ്കിലുമായിരിക്കും. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പഠനവിധേയമാക്കിയ സമിതികളെല്ലാം തന്നെ ഇവിടെയുള്ള ഒന്നോ രണ്ടോ ഗ്രാമങ്ങളെ താരതമ്യപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇതിനു പകരം മരുന്ന് തളിക്കപ്പെട്ടതും തളിക്കപ്പെടാത്തതുമായ നാലോ അഞ്ചോ ഗ്രാമങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള താരതമ്യ പഠനം നടത്തണമെന്നും ഈ വിഭാഗം വാദിക്കുന്നുണ്ട്. സമാനമായ രീതിയില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട മണ്ണാര്‍ക്കാട് പ്രദേശങ്ങളില്‍ ഇത്തരം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതോടൊപ്പം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ഇരുപതു കൊല്ലത്തോളം എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട ആസ്‌ത്രേലിയ പോലുള്ള രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നകാര്യവും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തുതന്നെയായാലും കാസര്‍കോട് ജില്ലയിലെ ദുരന്തങ്ങളെ വിലകുറച്ച് കാണരുത്.
എണ്ണമറ്റ ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചവരെ മുന്‍ നിര്‍ത്തി എന്‍ഡോസള്‍ഫാനെക്കുറിച്ചും ദുരന്തപ്രദേശത്തെക്കുറിച്ചും കൃത്യമായ പഠനം നടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്‍ഡോസള്‍ഫാന്‍ തന്നെയാണോ ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്നും ഉറപ്പിക്കേണ്ടതുണ്ട്. പ്രതിദിനം പിറന്നുവീഴുന്ന രോഗാതുരമായ ജീവനുകള്‍ പോലും അതു തന്നെയായിരിക്കും ആവശ്യപ്പെടുന്നതും. യഥാര്‍ത്ഥ കാരണം ഇപ്പോഴും കാണാമറയത്താണോയെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."