ഡാമുകളിലെ ബാഷ്പീകരണ നഷ്ടം കുത്തനെ ഉയരുന്നു
തൊടുപുഴ: ചൂട് കൂടുന്നതിനൊപ്പം സംസ്ഥാനത്തെ അണക്കെട്ടുകളിലെ ബാഷ്പീകരണ നഷ്ടം കുത്തനെ ഉയരുന്നതായി കെ.എസ്.ഇ.ബി ഗവേഷണ വിഭാഗം റിപ്പോര്‍ട്ട്. ഹൈറേഞ്ചിലടക്കം ഉയര്‍ന്ന താപനില ദിവസങ്ങളായി തുടരുന്നതാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബാഷ്പീകരണ നഷ്ടം കുതിച്ചുയരാന്‍ കാരണം. ശരാശരി 5-6 ലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം പ്രതിദിനം നഷ്ടമാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയോളവും സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഇടുക്കി അണക്കെട്ടില്‍ നിന്നാണ്.
ശരാശരി 160 കോടി ലിറ്റര്‍ വെള്ളമാണ് ഇടുക്കിയില്‍ നിന്നും നഷ്ടമാകുന്നത്. ഇടുക്കി ജില്ലാ ആസ്ഥാനത്തടക്കം കുടിവെള്ളം എത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി പ്രതിദിനം അണക്കെട്ടില്‍ നിന്നും എടുക്കുന്നത് ഒരു കോടി ലിറ്റര്‍ വെള്ളമാണെന്ന് അറിയുമ്പോഴാണ് ബാഷ്പീകരണ നഷ്ടത്തിന്റെ തീവ്രത വ്യക്തമാകുന്നത്. ചൂട് കൂടിവരുന്നതിനാല്‍ അണക്കെട്ടുകളിലെ ബാഷ്പീകരണത്തിന്റെ തോത് വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. അണക്കെട്ട് മേഖലയിലെ ശരാശരി താപനില 34 ഡിഗ്രി വരെ ഉയര്‍ന്നു.
ചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 84.2899 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. അതായത് ഒരു ദിവസത്തിനിടെ മാത്രം കൂടിയത് ഏതാണ്ട് 14 ലക്ഷം യൂനിറ്റ് . ഇതില്‍ 65.0688 ദശലക്ഷം യൂനിറ്റ് പുറത്ത് നിന്നെത്തിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പാദനം 19.2211 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 80-81 ദശലക്ഷത്തിന് ഇടയിലായിരുന്നു വൈദ്യുതി ഉപയോഗം. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം വരെ എത്തുമെന്ന് അന്ന് ബോര്‍ഡ് കണക്കുകൂട്ടിയിരുന്നു, എന്നാല്‍ അതുണ്ടായില്ല. അതേ സമയം വോട്ടെണ്ണല്‍ ദിനമായിരുന്ന 2019 മെയ് 23ന് ഉപഭോഗം സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് 88.33 ദശലക്ഷം യൂനിറ്റെത്തിയിരുന്നു. ഈ നില തുടര്‍ന്നാല്‍ വരുന്നവാരം ഇത് മറിക്കടക്കുമെന്നാണ് നിഗമനം.
അതേ സമയം ഇടുക്കിയില്‍ സംഭരണശേഷിയുടെ 58% ശതമാനം വെള്ളം നിലവില്‍ ഉണ്ടായിട്ടും ജനറേറ്റര്‍ തകരാര്‍ മൂലം വേണ്ടവിധം ഉപയോഗിക്കാനാകാത്തത് വലിയ തിരിച്ചടിയാണ് ബോര്‍ഡിന് നല്‍കുന്നത്. ഇതിനാല്‍ കൂടുതല്‍ വൈദ്യുതി പുറത്ത് നിന്നെത്തിക്കുകയാണ്. കെ.എസ്.ഇ.ബി സംഭരണികളിലെ നിലവിലെ ജലശേഖരം സംഭരണശേഷിയുടെ 55 ശതമാനം% ആണ്. ഇതുപയോഗിച്ച് 2259.549 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. ഇടമലയാര്‍ 60 ശതമാനം, പമ്പ 48, ഷോളയാര്‍ 60, കുണ്ടള 97, മാട്ടുപ്പെട്ടി 57, കുറ്റ്യാടി 76, പൊന്മുടി 54, പെരിങ്ങല്‍കുത്ത് 28 ശതമാനം എന്നിങ്ങനെയാണ് പ്രധാന സംഭരണികളിലെ ജലശേഖരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."