ഫോണ്‍കോള്‍ രേഖകള്‍ ചോര്‍ത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരന്മാരുടെ സ്വകാര്യതയില്‍ കടന്നുകയറരുതെന്ന സുപ്രിം കോടതി നിര്‍ദേശത്തിനു വിലകല്‍പ്പിക്കാതെ രാജ്യത്തെ ജനങ്ങളുടെ ഫോണ്‍ കോള്‍ രേഖകള്‍ ടെലികമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി കേന്ദ്രസര്‍ക്കാര്‍ സ്വരൂപിക്കുന്നതായി റിപ്പോര്‍ട്ട്. കേരളം, ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കിളുകളില്‍ വരുന്ന ഫോണ്‍ കോളുകളുടെ വിവരങ്ങളാണ് നിയമവിരുദ്ധമായി ശേഖരിക്കുന്നത്.
ചില പ്രത്യേക കാലയളവില്‍ നടക്കുന്ന ഫോണ്‍വിളികളുടെ വിവരങ്ങള്‍ നല്‍കാന്‍ ടെലികോം സര്‍വിസ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കുകയാണ് ചെയ്യുന്നത്. മാസമങ്ങളായി ഇതു നടന്നുവരികയാണെന്നും എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ തങ്ങള്‍ക്കു തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍ വന്നുവെന്നും ടെലികോം കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരേ ഫെബ്രുവരി 12ന് രാജ്യത്തെ ടെലികോം സര്‍വിസ് ഓപറേറ്റര്‍മാരുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി അന്‍ഷു പ്രകാശിനെ പരാതി അറിയിച്ചതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്താകുന്നത്. ജഡ്ജിമാര്‍, മന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയ ഉന്നതര്‍ താമസിക്കുന്ന ഡല്‍ഹിപോലുള്ള സ്ഥലങ്ങളിലെ കോളുകളുടെ വിവരങ്ങള്‍ നല്‍കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു.
ഡല്‍ഹിയില്‍ ഫെബ്രുവരി ആദ്യത്തിലെ കോള്‍ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ഈ ഘട്ടത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവും ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പ്രചാരണവും സജീവമായിരുന്നു. എന്തിനാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നു തങ്ങളോട് പറഞ്ഞിട്ടില്ലെന്നും വിവരങ്ങള്‍ നല്‍കാനുള്ള ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും കമ്പനികള്‍ പരാതിയില്‍ പറയുന്നുണ്ട്. കോള്‍ വിവരങ്ങള്‍ കമ്പനികള്‍ ഒരു വര്‍ഷത്തേക്കെങ്കിലും സൂക്ഷിക്കണമെന്നാണ് നിയമം. ഇത് ഏതെങ്കിലും കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാം. ഇതിന് നിരവധി നടപടിക്രമങ്ങളുണ്ട്.
കേരളത്തിലെ എല്ലാ മാസത്തെയും 15ാം തിയതിയിലെ കോള്‍ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാനയില്‍ ഇത് 21 ആണ്. പഞ്ചാബില്‍ ഒന്നാം തിയതിയിലെ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."