സഊദിയിലേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റില്‍ വന്‍ ഇടിവ്
റിയാദ്: സഊദിയില്‍ വിദേശ വേലക്കാരികളുടെ റിക്രൂട്ട്മെന്റില്‍ 20ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നല്‍കുന്നതിന് ദീര്‍ഘകാലം എടുക്കുന്നതും ചില രാജ്യങ്ങളില്‍നിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഭീമമായ ചെലവും നടപടികളുടെ സങ്കീര്‍ണതകളുമാണ് റിക്രൂട്ട്മെന്റ് ആവശ്യം ഇരുപതു ശതമാനത്തോളം കുറയുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. സഊദികള്‍ക്ക് ഏറെ പ്രിയമുള്ള ഗാര്‍ഹിക തൊഴിലാളികളുള്ള ഇന്തോനേഷ്യയില്‍നിന്നും എത്യോപ്യയില്നിന്നുമുള്ള റിക്രൂട്ട്മെന്റുകള്‍ നിര്‍ത്തിവച്ചതും റിക്രൂട്ട്മെന്റ് ഇടിയാന്‍ കാരണമായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റിക്രൂട്ട്മെന്റ് ആവശ്യം 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്സിലെ റിക്രൂട്ട്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഹുസൈന് അല്‍മുതൈരി പറഞ്ഞു.
പുതിയ രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അവസരമൊരുക്കുന്നതും ഇന്തോനേഷ്യന്‍, എത്യോപ്യന്‍ വേലക്കാരികളുടെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതും റിക്രൂട്ട്മെന്റ് ചെലവുകള്‍ കുറക്കുന്നതിന് ശ്രമിക്കുന്നതും സ്ഥിതി മാറാന്‍ സഹായിക്കുമെന്ന് റിക്രൂട്ട്മെന്റ് ഓഫീസ് ഉടമകള്‍ അഭിപ്രായപ്പെടുന്നു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതിന് ഇന്തോനേഷ്യയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് കാത്തിരിക്കുകയാണ് സഊദി കുടുംബങ്ങളെന്ന് തായിഫ് ചേംബര്‍ ഓഫ് കൊമേഴ്സിലെ റിക്രൂട്ട്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജമാല്‍ അല്‍സഹ്റാനി പറഞ്ഞു. ഇന്തോനേഷ്യയില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് അടുത്ത മാസം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടക്കത്തില്‍ മാന്‍പവര്‍ സപ്ലൈ കമ്പനികളെ പോലെ പ്രവര്‍ത്തിക്കുന്ന വന്‍കിട റിക്രൂട്ട്മെന്റ് കമ്പനികള്‍ മുഖേന മാത്രമായിരിക്കും ഇന്തോനേഷ്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയെന്നും അബ്ദുല്ല അല്‍സഹ്റാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."