പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
#നിസാര്‍ കലയത്ത്
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളിലായി മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്, എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 51 ഉം. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തേക്കാള്‍ കൂടുതലായി ആത്മഹത്യ വര്‍ധിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് പ്രവാസികളുടെ ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണമായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡില്‍ വരുത്തിവയ്ക്കുന്ന ബാധ്യതയും ബാങ്ക് ലോണ്‍ അടക്കമുള്ള കടങ്ങളും വാട്ട്സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ബാങ്ക് ലോണുകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ സാധിക്കാതെ പലിശയും പിഴപ്പലിശയും വര്‍ധിക്കുമ്പോള്‍ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവില്‍ പലരും ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും 30 വയസ്സിന് താഴെ പ്രായമുള്ളവരുമാണ്.
ഷാര്‍ജ അല്‍ നഹ്ദയിലെ താമസയിടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 20 വയസ്സുകാരിയായ ഇന്ത്യക്കാരിയെ ഷാര്‍ജ പൊലിസാണ് രക്ഷപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പിന്നീട് പൊലിസിനോട് പറഞ്ഞിരുന്നത്.
മലയാളികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നോര്‍ക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണെന്ന് സഊദിയിലെ വിവിധ പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെട്ടു.
അതേ സമയം, കുടുബപ്രശ്നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും പ്രവാസി ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ, പരസ്പരം പങ്കുവയ്ക്കാനോ ശ്രമിക്കാതെയാണ് പ്രവാസികള്‍ ആത്മഹത്യയെന്ന വഴി തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."