പകര്‍ച്ചവ്യാധി: പ്രസക്തമാകുന്ന പ്രവാചകാധ്യാപനങ്ങള്‍
വിശുദ്ധ ഖുദ്‌സ് നഗരം തിരിച്ചുപിടിച്ചുവെങ്കിലും ശാമിന്റെ പ്രവിശ്യകള്‍ ഇപ്പോഴും പുകയുകയാണ്. അവിടെ മിടുക്കരായ സൈനികരും അവരെ നയിക്കുവാന്‍ അബൂ ഉബൈദയെ പോലെയുള്ള നേതൃത്വവുമൊക്കെയുണ്ടായിട്ടും കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങുന്നില്ല. സൈ്വരജീവിതം, അതുമാത്രമേ മുസ്‌ലിംകള്‍ക്കു വേണ്ടൂ. പക്ഷെ അതു വകവച്ചുകൊടുക്കുവാന്‍ ചിലര്‍ അനുവദിക്കുന്നില്ല. അതിനാല്‍ ഇനി താന്‍ തന്നെ നേരിട്ടിറങ്ങേണ്ടിയിരിക്കുന്നു. ഖലീഫാ ഉമര്‍(റ) അങ്ങനെ ഹിജ്‌റ പതിനേഴില്‍ ഒരു സംഘവുമായി ശാമിലേക്കു പുറപ്പെട്ടു. അവര്‍ അതിര്‍ത്തിയായ സര്‍ഗില്‍ എത്തി. അപ്പോഴേക്കും വിവരം അങ്ങറിഞ്ഞിരുന്നു. അതോടെ സേനാനായകര്‍, അബൂ ഉബൈദ, യസീദ് ബിന്‍ അബീ സുഫ്‌യാന്‍, ശുറഹ്ബീല്‍ ബിന്‍ ഹസന(റ) എല്ലാവരും അവിടെ എത്തിചേര്‍ന്നിരുന്നു. അവര്‍ ഖലീഫയോട് ഒറ്റശ്വാസത്തില്‍ പറഞ്ഞു: 'ഖലീഫാ, ഫലസ്തീനിലാകെ വസൂരി പടര്‍ന്നുപിടിച്ചിരിക്കുന്നു, അങ്ങോട്ടുപോകുന്നത് അപകടമാണ്..'. ഖലീഫ ആകെ ആശയക്കുഴപ്പത്തിലായി. റബ്ദയുടെ സമീപം അംവാസില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട വ്യാധി അതിവേഗം പടരുകയാണ്. ഇതിനകം നിരവധി ജനങ്ങള്‍ മരിച്ചുവീണു. ഒന്നിനു മുമ്പിലും തോറ്റുകൊടുക്കുന്ന മനസ്സല്ല അദ്ദേഹത്തിന്റേത്. പക്ഷെ, വളരെ ഗുരുതരമായ ഈ മഹാമാരിക്കുമുമ്പില്‍ ഒരു തീരുമാനമെടുക്കുവാന്‍ കഴിയാതെ നില്‍ക്കേണ്ടിവന്നിരിക്കുകയാണിപ്പോള്‍.
അവസാനം അദ്ദേഹം അവിടെയുണ്ടായിരുന്ന മുഹാജിറുകളെ വിളിച്ചുചേര്‍ത്തു. മുന്നോട്ടുവച്ച കാല്‍ പിന്നോട്ടു വലിക്കണമോ എന്ന ചോദ്യത്തിനു മുമ്പില്‍ അവര്‍ പക്ഷെ, രണ്ടു സ്വരക്കാരായിരുന്നു. താങ്കള്‍ അല്ലാഹുവിനു വേണ്ടി അവന്റെ മാര്‍ഗത്തില്‍ ഇറങ്ങിയതല്ലേ, സധൈര്യം മുന്നോട്ടു പോകുകയാണ് വേണ്ടത് എന്ന് ഒരു വിഭാഗം. നാശം മുന്നില്‍ കാണുമ്പോള്‍ അതിലേക്കു കാലെടുത്തുവയ്ക്കുന്നത് ബുദ്ധിപരമായും മതപരമായും ശരിയല്ലെന്ന് മറ്റൊരു വിഭാഗം. രണ്ടു ന്യായങ്ങളും വിഷയത്തിന്റെ സങ്കീര്‍ണ്ണതയിലേക്കു എണ്ണ പകരുകയായിരുന്നു. വീണ്ടും ചര്‍ച്ചകള്‍ നടത്തി. ഫലം തഥൈവ. അവസാനം നാളെ ഉച്ചക്കു തീരുമാനിക്കാം എന്നും പറഞ്ഞ് തല്‍കാലം പിരിഞ്ഞു. പിറ്റേന്ന് ഖലീഫ തന്റെ തീരുമാനം പ്രഖ്യാപിച്ചു. താനും സംഘവും മടങ്ങുകയാണ്. ഇതുകേട്ട് അബൂ ഉബൈദ(റ) ചോദിച്ചു: 'അല്ലാഹുവിന്റെ വിധിയില്‍നിന്ന് അങ്ങ് ഓടുകയാണോ'. ഖലീഫ പറഞ്ഞു: 'അതെ അല്ലാഹുവിന്റെ വിധിയില്‍ നിന്ന് അല്ലാഹുവിന്റെ മറ്റൊരു വിധിയിലേക്ക് ഓടുകയാണ്. ഒരാള്‍ ഒരിടത്ത് തങ്ങി എന്നു കരുതുക. അവിടെ സമൃദ്ധവും വരണ്ടതുമായ രണ്ടുതരം മേച്ചില്‍ പുറങ്ങളുണ്ടെങ്കില്‍ അതില്‍ സമൃദ്ധമായതിലേക്ക് തന്റെ കാലികളെ മേയാന്‍ വിടുന്നത് അല്ലാഹുവിന്റെ വിധിയനുസരിച്ചല്ലേ, വരണ്ടതിലേക്കു വിടുകയാണ് എങ്കില്‍ അതും അപ്രകാരം തന്നെയല്ലേ.., അബൂ ഉബൈദാ, താങ്കളായിപ്പോയല്ലോ ഇതു ചോദിച്ചത്..' ഈ സമയം അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്(റ) സഭയിലേക്കു കടന്നുവന്നു. അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ ഒരിടത്ത് മഹാവ്യാധി പടര്‍ന്നിട്ടുണ്ട് എന്നു കേട്ടാല്‍ അങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്ത് അതു പടര്‍ന്നാല്‍ നിങ്ങള്‍ അവിടംവിട്ട് പുറത്തുപോവുകയുമരുത് എന്നു നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്'. അതോടെ കാര്യം തീരുമാനമായി.
കൊവിഡ്-19 ലോകമാസകലം അതിശീഘ്രം വ്യാപിക്കുമ്പോള്‍ ജനങ്ങളുടെ കണ്ണും മനസ്സും ഉടക്കിനില്‍ക്കുന്നത് കൂടുതലും മുന്‍കരുതലുകളിലാണ്. ഉറവിടം, ചികിത്സാ വിധികള്‍, വ്യാപനം തടയുവാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് വൈദ്യശാസ്ത്രത്തിന്റെ കയ്യില്‍ പോലും കാര്യമായൊന്നും പറഞ്ഞുതരുവാനില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. പകര്‍ച്ച വ്യാധികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നും മുന്‍കരുതലുകള്‍ എന്തൊക്കെയാണ് എന്നും പ്രവാചകാധ്യാപനങ്ങള്‍ ഫലപ്രദമായി പഠിപ്പിക്കുന്നുണ്ട്. ഇത്തരം നബി ദര്‍ശനങ്ങള്‍ പലതിനെയും ഒരു നിരക്ഷരന്റെ വെറും വാക്കുകള്‍ എന്നു പരിഹസിക്കുവാന്‍ ലോകത്തെ പഠിപ്പിച്ച ഓറിയന്റലിസ്റ്റുകള്‍ക്കും ശരീരത്തില്‍ ചാണകം പൊതിഞ്ഞാല്‍ വൈറസ് വിട്ടുപോകും എന്നുപറയുന്ന ഫാസിസ്റ്റുകള്‍ക്കുമെല്ലാം ആത്മര്‍ഥതയുണ്ടെങ്കില്‍ ഒരു പുന:പ്പഠനത്തിനു വിധേയമാക്കുവാനുള്ള അവസരം കൂടിയാണ് ഈ വ്യാധിക്കാലം. കാരണം മാര്‍ഗങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാന ആശയങ്ങളില്‍ ഒരു മാറ്റവുമില്ലാതെ ഇന്നും ലോകം പുലര്‍ത്തുന്നത് നബി പഠിപ്പിച്ച മുന്‍കരുതലുകള്‍ തന്നെയാണ്. അവയില്‍ ഒന്നാമത്തേത് പ്രമുഖ സ്വഹാബിവര്യന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്(റ) പറയുന്നത് നാം കേട്ടു. വ്യാധി പടര്‍ന്ന നാട്ടിലേക്കോ അവിടെനിന്ന് പുറത്തേക്കോ പോകുവാന്‍ പാടില്ല എന്നത്. അതായത് വ്യാധിയെ അതിന്റെ പ്രഭവസ്ഥാനത്തു തന്നെ തടഞ്ഞും തളച്ചുമിടണം. സൂക്ഷിച്ചുനോക്കിയാല്‍ ഇതുതന്നെയാണ് ആധുനിക ശാസ്ത്രങ്ങള്‍ക്കും പറയുവാനുള്ളത്.
ചൈനയിലെ വുഹാനില്‍ കണ്ട കൊറോണ വൈറസ് 150ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ എത്തിയത് സമ്പര്‍ക്കം വഴിയായിരുന്നു എന്നത് ആരും സമ്മതിക്കേണ്ടിവരും. വുഹാനില്‍, നബി(സ) പറഞ്ഞതുപോലെ, ഒരാളും രോഗം നിയന്ത്രണവിധേയമാകുംവരേക്കും പുറത്തുകടക്കുകയോ അങ്ങോട്ടാരെങ്കിലും ചെല്ലുകയോ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ ഇത്ര കണ്ട് അതു പകരുകയും പടരുകയും ചെയ്യുമായിരുന്നില്ല. പക്ഷെ, ജനങ്ങള്‍ അതിനുശേഷവും നിര്‍ലോഭം യാത്ര ചെയ്തു. രോഗാണുക്കള്‍ സ്വതന്ത്രമായി ശീതീകരിച്ച വിമാനങ്ങളില്‍ ഓരോ നാട്ടിലും ചെന്നിറങ്ങി ആക്രമണങ്ങള്‍ നടത്തി. ഇതാണ് വസ്തുത.
മറ്റൊന്ന് ഐസൊലേറ്റ് ചെയ്യുക എന്നതാണ് പുതിയ കാലം പറയുന്നത്. അഥവാ രോഗിയെ പരിപൂര്‍ണമായി ഒറ്റപ്പെടുത്തുക. വളരെ ജനസാന്ദ്രതയുള്ള ഇക്കാലത്ത് അതിന് ഐസൊലേഷന്‍ വാര്‍ഡുകള്‍ വേണ്ടിവരും. എന്നാല്‍ നബിയുടെ അനുചരന്‍മാര്‍ അക്കാലം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്ന അംവാസിലെ മഹാവ്യാധിയെ പരാജയപ്പെടുത്തിയതും ഇവ്വിധം തന്നെയാണ്. ഏറ്റവും കുറഞ്ഞത് ഇരുപത്തിഅയ്യായിരം പേരെങ്കിലും മരണപ്പെട്ട ദുരന്തമായിരുന്നു അത്. പ്രമുഖ സ്വഹാബിമാര്‍ അതിനു വിധേയരായി. അവസാനം അംറ് ബിന്‍ ആസ്വ്(റ) ആയിരുന്നു അതിനൊരു പ്രതിരോധ മാര്‍ഗം കണ്ടെത്തിയത്. അത് ജനങ്ങളെ മലകളിലേക്കും കുന്നുകളിലേക്കും തുറന്ന വിസ്തൃത ഇടങ്ങളിലേക്കും മാറ്റിക്കൊണ്ടായിരുന്നു. അപ്പോഴാണ് വ്യാധിയെ തളക്കുവാനായാത് എന്നാണ് ചരിത്രം. അദ്ദേഹം ആ ആശയത്തിലേക്കെത്തിയതും ഒരു ഹദീസിന്റെ പക്ഷം ചേര്‍ന്നായിരുന്നു എന്ന ഒരു വായനയുണ്ട്. അബൂ ഹുറൈറ(റ)യെ തൊട്ട് ഇമാം ബുഖാരി, മുസ്‌ലിം എന്നിവര്‍ സംയുക്തമായി ഉദ്ധരിക്കുന്നതാണ് ആ ഹദീസ്. അതില്‍ നബി(സ) പറഞ്ഞു: 'രോഗമുള്ളതിനെ രോഗമില്ലാത്തതിന്റെ ഒപ്പം കെട്ടരുത്'. ഇതു ഒട്ടകങ്ങളെ കുറിച്ചാണ് പറയുന്നത് എങ്കിലും അതിന്റെ ഉദ്ദേശ്യത്തിനും അര്‍ഥത്തിനും പകര്‍ച്ചവ്യാധിയുമായി ബന്ധമുണ്ട്. രോഗമുള്ളവയില്‍ നിന്ന് രോഗമില്ലാത്തവയിലേക്കു പകരാതിരിക്കുവാന്‍ വേണ്ട മുന്‍കരുതലാണിത്. അപ്പോള്‍ അക്കാലം കണ്ട ഏറ്റവും വലിയ പകര്‍ച്ചവ്യാധിയില്‍ നിന്ന് ഒരളവോളം ജനങ്ങള്‍ രക്ഷപ്പെട്ടത് നബി(സ) നല്‍കിയ മുന്‍കരുതല്‍ നടപടികള്‍ വഴിയായിരുന്നു എന്നു ചുരുക്കം.
കുഷ്ഠരോഗം തുടങ്ങിയവയുടെ കാര്യത്തിലും നബി(സ) കര്‍ക്കശമായ നിലപാടുകള്‍ എടുത്തതായി ഹദീസുകളില്‍ കാണാം. അബൂ ഹുറൈറ(റ)വില്‍ നിന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബു ത്വിബ്ബില്‍ ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു: 'കുഷ്ഠരോഗിയില്‍ നിന്ന് നീ സിംഹത്തില്‍ നിന്നെന്നോണം ഓടിയകലുക'. വളരെ പെെട്ടന്ന് പടരുവാനുള്ള സാധ്യതയുള്ള രോഗമാണ് കുഷ്ഠരോഗം. നബി(സ)യുടെ ജീവിതത്തില്‍ തന്നെ അത്തരമൊരു സംഭവമുണ്ടാവുകയും ചെയ്തു. ബനൂ തഖീഫ് വംശത്തിന്റെ സാര്‍ഥവാഹക സംഘം വന്നപ്പോഴായിരുന്നു അത്. ത്വാഇഫ് നഗരത്തിലെ ഏറ്റവും പ്രമുഖ സ്ഥാനം വഹിച്ചിരുന്ന കുടുംബമാണ് ബനൂ തഖീഫ്. മക്കാ വിജയത്തെ തുടര്‍ന്ന് അവരുമായി ചില ഏറ്റുമുട്ടലുകളൊക്കെയുണ്ടായി. അതില്‍ പരാജയപ്പെട്ട അവര്‍ അറേബ്യയുടെ മറ്റെല്ലാ കുടുംബങ്ങളെയും പോലെ ഇസ്‌ലാമിന്റെ തണലാണ് സുരക്ഷിതം എന്ന് തിരിച്ചറിയുകയായിരുന്നു. അങ്ങനെ അവരുടെ പ്രധാനികളുടെ ഒരു സംഘം ഹിജ്‌റ ഒമ്പതില്‍ മദീനായിലെത്തിയതായിരുന്നു. അത്തരം സംഘങ്ങള്‍ നബി(സ)യുമായി ദീര്‍ഘമായ ആശയവിനിമയങ്ങള്‍ നടത്തുകയും അനന്തരം കൈപിടിച്ച് പ്രതിജ്ഞ ചെയ്യുകയും ഒക്കെയായിരുന്നു പതിവ്. എന്നാല്‍ ആ സംഘത്തില്‍ ഒരു കുഷ്ഠരോഗിയുണ്ട് എന്നറിഞ്ഞപ്പോള്‍ അയാളെ നേരില്‍ കാണുവാനോ ഹസ്തദാനം ചെയ്യുവാനോ നബി മുതിര്‍ന്നില്ല. മറിച്ച് നബി(സ) ഒരു ദൂതനെ അദ്ദേഹത്തിന്റെ അടുത്തേക്കയക്കുകയും താങ്കളോട് ഞാന്‍ ബൈഅത്ത് ചെയ്തിരിക്കുന്നു എന്നറിയിക്കുകയും ചെയ്യുകയായിരുന്നു.
ഈ പറഞ്ഞതെല്ലാം രോഗത്തിനു മുമ്പില്‍ എത്തുമ്പോള്‍ മാത്രം പ്രസക്തമാകുന്നവയാണെങ്കില്‍ അതിനു മുമ്പെ രോഗാണുക്കളെ പ്രതിരോധിക്കുവാന്‍ വളരെയേറെ സഹായകമാകുന്ന വുളൂ, വിശുദ്ധമായ ജീവിതക്രമങ്ങള്‍ തുടങ്ങിയവയുടെ പട്ടിക നീണ്ടതാണ്. ഈ പ്രവാചക ദര്‍ശനങ്ങളെല്ലാം കൃത്യമായും കണിശമായും അനുഭവപ്പെടുമ്പോള്‍ തികഞ്ഞ അസ്വസ്ഥതയോടെ ദോഷൈകദൃക്കുകള്‍ പറയുന്ന ഒരു പതിവു ചൊല്ലുണ്ട്. അത് രോഗം പകരില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ടല്ലോ എന്നതാണ്. അത് ആ ഹദീസിന്റെ പശ്ചാത്തലവും അതില്‍നിന്നുള്ള ആശയവും ഗ്രഹിക്കുന്നതില്‍ വരുന്ന പരാജയത്തില്‍ നിന്നുണ്ടാകുന്നതാണ് എന്നാണ് വസ്തുത. അതു പറയുന്ന ഹദീസില്‍ നബി(സ) എണ്ണിപ്പറയുന്ന പല കാര്യങ്ങളുമുണ്ട്. അവയെല്ലാം ജാഹിലിയ്യാ കാലത്തെ ചില അന്ധവിശ്വാസങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. അക്കൂട്ടത്തില്‍ അവര്‍ രോഗങ്ങള്‍ സ്വയമേവ പകരും എന്ന ഒരു വിശ്വാസവുമുണ്ടായിരുന്നു. അതങ്ങനെയില്ല, രോഗം പകരുന്നതു പോലും പരമമായി അല്ലാഹുവിന്റെ വിധിക്കുവിധേയമായിട്ടാണ്, അല്ലാതെ സ്വശക്തികൊണ്ടല്ല എന്നാണ് അതിന്റെ വിശദീകരണം. എന്തും ഏതും പരമമായി അല്ലാഹുവിന്റെ വിധിക്കും താല്‍പര്യത്തിനും വിധേയമാണ് എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ദര്‍ശനമാണല്ലോ. അല്ല സ്വയം പകരും എന്നത് ഉറപ്പാണെങ്കില്‍ നിരീക്ഷണത്തിലുള്ള സമ്പര്‍ക്കം പുലര്‍ത്തിയ മിക്ക പേരുടെയും റിസള്‍ട്ട് നെഗറ്റീവാകുന്നത് എങ്ങനെയാണ്. സമ്പര്‍ക്കം പുലര്‍ത്തിയ പലര്‍ക്കും രോഗലക്ഷണമേ കാണുന്നില്ല എന്നതും നമ്മുടെ അനുഭവമാണല്ലോ. കാര്യകാരണങ്ങളുടെ സ്വാധീനം ശരി തന്നെയാണ്. പക്ഷെ, അതും അന്തിമമായി ദൈവനിശ്ചയത്തിനു വിധേയമാണ് എന്നു ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."