കേരളത്തിന് കുരുക്കിട്ട് തെലങ്കാന
#നെയ്‌വേലിയില്‍നിന്ന്
യു.എച്ച് സിദ്ദീഖ്
സന്തോഷ് ട്രോഫി ചാംപ്യന്മാരായ കേരളത്തെ സമനിലയില്‍ കുരുക്കി തെലങ്കാന. 73മത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ദക്ഷിണമേഖലാ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ കേരളത്തെ ഗോള്‍രഹിത സമനിലയിലാണ് തെലങ്കാന തളച്ചത്. കളിയില്‍ സര്‍വാധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ കണ്ടെത്താന്‍ കേരളത്തിനായില്ല. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സര്‍വിസസ് പുതുച്ചേരിയെ കീഴടക്കി. ഇതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയം എന്നത് മാത്രമാണ് ഫൈനല്‍ റൗണ്ടിലേക്കുള്ള കുതിപ്പിന് കേരളത്തിന് മുന്നിലുള്ളത്. നാളെ പുതുച്ചേരിയുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം.
ഡസനിലേറെ അവസരങ്ങള്‍,
16 കോര്‍ണറുകള്‍
അരഡസന്‍ ഗോളിനെങ്കിലും തെലങ്കാനയെ വീഴ്ത്താന്‍ കേരളത്തിന്റെ കരുത്തന്മാര്‍ക്ക് കഴിയുമായിരുന്നു. ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ ചുവടു പിഴച്ചതാണ് സ്‌കോര്‍ ചെയ്യാനാവാതെ പോയതിന് കാരണം. തെലങ്കാനക്ക് പന്ത് നല്‍കാതെ കൂടുതല്‍ സമയവും കൈവശംവച്ചു കളിക്കാനായെങ്കിലും ഫിനിഷിങിലെ പിഴവ് തിരുത്താതെ കേരളത്തിന് മുന്നോട്ടു പോകുക പ്രയാസമാണ്. രണ്ടു പകുതികളിലുമായി ഒരുഡസനോളം അവസരങ്ങളാണ് കേരളത്തിന് ലഭിച്ചത്. ഒരെണ്ണം പോലും കേരളത്തിന് ലക്ഷ്യത്തില്‍ എത്തിക്കാനായില്ല. സന്തോഷ് ട്രോഫിയിലെ പരിചയ സമ്പന്നരായ എസ്. സീസനും വി. മിഥുനും രാഹുല്‍ രാജും ജിതിന്‍ ഗോപാലനും ആദ്യ ഇലവനില്‍ തന്നെ കളത്തിലിറങ്ങി. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും മികച്ച ഒത്തിണക്കത്തോടെ തന്നെ കളിച്ചു. പ്രതിരോധത്തില്‍ രാഹുല്‍ വി. രാജും അലക്‌സ് സജിയും ലിജോയും മികച്ച രീതിയില്‍ തന്നെ കളിച്ചു. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ എത്തിയ ക്യാപ്റ്റന്‍ സീസനിന്റെ നേതൃത്വത്തില്‍ മധ്യനിര കൃത്യമായി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ക്രിസ്റ്റി ഡേവിസും മുഹമ്മദ് ഇനായത്തും നയിച്ച മുന്നേറ്റനിരക്ക് ലക്ഷ്യം പിഴച്ചതാണ് കേരളത്തിന് തിരിച്ചടിയായത്. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ ഉറപ്പിച്ച ആറ് അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. രണ്ടാം പകുതിയിലും ഇതുതന്നെ ആവര്‍ത്തിച്ചു. രണ്ടു പകുതികളിലുമായി 16 കോര്‍ണറുകളാണ് കേരളത്തിന് ലഭിച്ചത്. തെലങ്കാനയ്ക്ക് മൂന്നും. ആദ്യ പകുതിയില്‍ ഏഴെണ്ണവും രണ്ടാം പകുതിയില്‍ ഒന്‍പതും. ഒരെണ്ണം പോലും മുതലാക്കാനായില്ല.
വിങുകളിലൂടെ കേരളം,
പ്രതിരോധക്കോട്ട തീര്‍ത്ത്
തെലങ്കാന
4-4-2-1 ഫോര്‍മേഷനില്‍ പരിശീലകന്‍ വി.പി ഷാജി കളത്തിലിറക്കിയ കേരളത്തെ പ്രതിരോധിക്കാന്‍
അഞ്ച് താരങ്ങളെ പ്രതിരോധനിരയില്‍ നിരത്തിയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ സഹപരിശീലകനായിരുന്ന ഷബീര്‍ അലി തെലങ്കാനയെ കളത്തിലിറക്കിയത്. മികച്ച അറ്റാക്കര്‍മാരില്ലാത്തതിനാല്‍ പ്രതിരോധപ്പൂട്ടില്‍ കേരളത്തെ കുരുക്കാനാണ് തെലങ്കാന ശ്രമിച്ചത്. തെലങ്കാനയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ കേരളം വിങുകളിലൂടെ കളിമെനഞ്ഞു. ഇടത് വിങിലൂടെ ക്രിസ്റ്റി ഡേവിസും മുഹമ്മദ് ഇനായത്തും ആക്രമണം വിതച്ച് മുന്നേറിയപ്പോള്‍ വലത് വിങില്‍ ജിപ്‌സണ്‍ ജസ്റ്റിനും ജിതിന്‍ ഗോപാലനും കാര്യമായ കളി പുറത്തെടുക്കാന്‍ ആദ്യ പകുതിയില്‍ കഴിഞ്ഞില്ല. വിങുകളിലൂടെ ആക്രമിച്ചു കയറി നീട്ടിക്കൊടുക്കുന്ന ക്രോസ് സ്വീകരിച്ച് ലക്ഷ്യം കാണാന്‍ കഴിയുന്ന താരങ്ങളില്ലാതെ പോയതും കേരളത്തിന് വിനയായി. ഇതിന് പരിഹാരം തേടി രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ നിന്ന് എസ്. ലിജോയെ പിന്‍വലിച്ചു ഫ്രാന്‍സിസിനെ ഇറക്കിയെങ്കിലും അതും ഫലം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."