ജനഹിതം ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍
#സിദ്ദീഖ് നദ്‌വി ചേരൂര്‍
അന്നാട്ടിലെ രാജാവ് കരുത്തനും ബുദ്ധിമാനുമായിരുന്നു. കരുത്തു കാരണം പ്രജകള്‍ അദ്ദേഹത്തെ ഭയപ്പെടുകയും ബുദ്ധിയുടെ പേരില്‍ അവരദ്ദേഹത്തെ സ്‌നേഹിക്കുകയും ചെയ്തു. നഗരമധ്യത്തില്‍ നല്ല തെളിഞ്ഞ, ശീതളമായ ശുദ്ധജലം നിറഞ്ഞുനില്‍ക്കുന്ന കിണറുണ്ട്. അതില്‍ നിന്നാണ് പ്രജകളും രാജാവും മന്ത്രിയുമെല്ലാം ദാഹശമനം വരുത്തിയിരുന്നത്. ഒരു ദിവസം രാത്രി ഏതോ ഒരു ദുര്‍മന്ത്രവാദിനി നഗരത്തില്‍ പ്രവേശിച്ച് ഒരു വിചിത്ര ദ്രാവകത്തിന്റെ ഏഴു തുള്ളികള്‍ ആ കിണറ്റില്‍ ഒഴിച്ചു പറഞ്ഞു: ''ഇനി ആര് ഈ കിണറിലെ വെള്ളം കുടിക്കുന്നുവോ, അയാള്‍ ഭ്രാന്തനായിത്തീരും''.
അതിരാവിലെ നഗരവാസികളെല്ലാം ആ കിണറ്റിലെ വെള്ളം കുടിക്കുകയും അവരെല്ലാം ഭ്രാന്തരാവുകയും ചെയ്തു. രാജാവും മന്ത്രിയും മാത്രമേ വെള്ളം കുടിക്കാത്തവരായി ഉണ്ടായിരുന്നുള്ളൂ. ജനങ്ങള്‍ പീടികത്തിണ്ണകളിലും ക്ലബുകളിലും ഇരുന്ന് തുറന്നടിക്കാന്‍ തുടങ്ങി: ''നമ്മുടെ രാജാവിനു ഭ്രാന്താണ്. ഒരു ഭ്രാന്തനാല്‍ ഭരിക്കപ്പെടേണ്ടവരല്ല നാം. അതുകൊണ്ട് എത്രയും വേഗം രാജാവിനെ സ്ഥാനഭ്രഷ്ടനാക്കണം''.
പിറ്റേന്നു രാവിലെ ഒരു സ്വര്‍ണചഷകത്തില്‍ ആ കിണറ്റിലെ വെള്ളം രാജകൊട്ടാരത്തിലേക്ക് കൊണ്ടുവന്ന് രാജാവ് കുടിച്ചു. ബാക്കിയായത് മന്ത്രിയും കുടിച്ചു. അതോടെ അവരും ഭ്രാന്തന്‍മാരായി മാറി. അങ്ങനെ അന്നാട്ടിലെ പ്രജകള്‍ ആഹ്ലാദഭരിതരായി ആഘോഷങ്ങളിലേര്‍പെട്ടു. അവരുടെ രാജാവിനും പ്രധാനമന്ത്രിക്കും സുബോധം തിരിച്ചുകിട്ടിയിരിക്കുന്നു.
ഖലീല്‍ ജിബ്‌റാന്റ പ്രസിദ്ധമായ ഈ കഥ വര്‍ത്തമാന ഇന്ത്യനവസ്ഥയില്‍ ഒന്നു പുനര്‍വായിച്ചു നോക്കൂ. സഹിഷ്ണുതയും മതനിരപേക്ഷതയും കളിയാടുന്ന ഇന്ത്യന്‍ മണ്ണില്‍ എല്ലാവരും സൗഹൃദത്തിലും പരസ്പര ധാരണയിലും കഴിയവേ ഏതോ കുടിലമനസ്‌കര്‍ രഹസ്യമായി ഇവിടത്തെ വായുവില്‍ പരമത വിദ്വേഷത്തിന്റെ വിഷത്തുള്ളികള്‍ ഇറ്റിച്ചുകൊടുത്തു. വിഷലിപ്തമായ വായു ശ്വസിച്ചവരെല്ലാം വര്‍ഗീയ ഭ്രാന്തിളകി കൊലവിളി നടത്താന്‍ തുടങ്ങി. ഈ വായു ശ്വസിക്കാത്ത ഭരണാധികാരികളെയെല്ലാം ഇവര്‍ മനോനില തെറ്റിയവരായി കണക്കാക്കി. ഒടുവില്‍ തങ്ങളുടെ അതേ മാനസികാവസ്ഥയിലുള്ളവര്‍ ചുളുവിലൂടെ സിംഹാസനത്തിലെത്തിയതോടെ ഇവര്‍ക്കെല്ലാം പെരുത്തു സന്തോഷം. ഇനി ഈ ഭരണം നിലനിര്‍ത്തണം. അതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണവര്‍. 'സുബോധം' ഇല്ലാത്ത ആരെങ്കിലും വീണ്ടും അധികാരം തിരിച്ചുപിടിച്ചാലോ.
മാസങ്ങള്‍ക്കകം പൊതു തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നു. ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഇന്ത്യ സഞ്ചരിച്ച അതേ വഴിയിലൂടെ മുന്നോട്ടുപോകണോ അതോ ഇവിടുത്തെ ചില വര്‍ഗീയ തിമിരം ബാധിച്ചവര്‍ സ്വപ്നം കാണുന്ന ഹിന്ദുത്വ രാജ്യമായി ഇന്ത്യ ഗതി മാറി സഞ്ചരിക്കണോ എന്നതാണ് ഇന്ത്യക്കാരുടെ മുന്നിലുള്ള ചോദ്യം.
ഇന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കരുത്തും കെട്ടുറപ്പുമുള്ള രാജ്യമാണ് ഇന്ത്യയെന്ന കാര്യം ഏവരും സമ്മതിക്കും. ഇന്ത്യയില്‍ നിന്ന് വിട്ടുപോയ പാക്കിസ്താനും ബംഗ്ലാദേശും നേടിയതിലും എത്രയോ വലിയ പുരോഗതി മിക്ക മേഖലകളിലും നേടിയെടുക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ശക്തമായ ഭരണസംവിധാനവും കുറ്റമറ്റ ഭരണഘടനയും ഏറെക്കുറേ നിഷ്പക്ഷമായ ജുഡിഷ്യറിയുമാണ് ഇന്ത്യയുടെ ഭദ്രതയ്ക്കു നിദാനം. വ്യത്യസ്ത ജാതിമത വിഭാഗങ്ങള്‍ക്ക് എല്ലാ വൈജാത്യങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇന്ത്യയെന്ന വികാരത്തില്‍ ഒന്നാകാനും ഒരു രാജ്യത്തിന്റെ സന്തതികളെന്ന നിലയില്‍ അഭിമാനം പങ്കുവയ്ക്കാനും കഴിയുന്നുവെന്നതാണ് ഇന്ത്യയുടെ വിജയരഹസ്യം.
കച്ചവടാവശ്യാര്‍ഥം ഇന്ത്യയിലെത്തിയ ബ്രിട്ടിഷുകാര്‍ ഈസ്റ്റിന്ത്യാ കമ്പനിയിലൂടെ തുടങ്ങി ഇന്ത്യ മൊത്തം കൈപ്പിടിയിലൊതുക്കി. ഇന്ത്യന്‍ ജനതയുടെ ശക്തമായ പോരാട്ടത്തിനൊടുവില്‍ ബ്രിട്ടിഷുകാര്‍ക്ക് ഇന്ത്യ വിട്ടു പോകേണ്ടി വന്നെങ്കിലും ഇവിടെ ഭിന്നിപ്പിന്റെയും അകല്‍ച്ചയുടെയും വിത്തുപാകിയാണവര്‍ നാടുവിട്ടത്. അന്ന് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൊന്നും കാര്യമായ പങ്കാളിത്തമില്ലാത്ത ചിലരാണിപ്പോള്‍ വലിയ ദേശസ്‌നേഹികളായി കളംനിറഞ്ഞു നില്‍ക്കുന്നത്. അന്ന് സ്വന്തം നിലനില്‍പ്പും ഭാവിയും അപകടപ്പെടുത്തി വിദേശികള്‍ക്കെതിരേ പൊരുതിയവരുടെ പിന്‍മുറക്കാരുടെ മുഖത്തുനോക്കി രാജ്യസ്‌നേഹം തെളിയിക്കാന്‍ ആവശ്യപ്പെടുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
കഴിഞ്ഞ തവണ ബി.ജെ.പി അധികാരത്തിലെത്തിയതെങ്ങനെയെന്ന് ഏറെക്കുറേ എല്ലാവര്‍ക്കും ഇന്ന് നല്ല ധാരണയുണ്ട്. സമ്മതിദാനാവകാശം വിനിയോഗിച്ചവരില്‍ മൂന്നിലൊന്നിന്റെ പിന്തുണ മാത്രമാണവര്‍ക്കു ലഭിച്ചിരുന്നത്. ഇതുവരെയുള്ള വിലയിരുത്തല്‍ പ്രകാരമാണിത്. എന്നാല്‍ അതിലപ്പുറം വോട്ടിങ് യന്ത്രങ്ങളുടെ ദുരുപയോഗമാണ് കോണ്‍ഗ്രസിന്റെ തോല്‍വിയിലേക്കും ബി.ജെ.പിയുടെ അപ്രതീക്ഷിതമായ വിജയത്തിലേക്കും നയിച്ചതെന്ന ഒരു വിലയിരുത്തല്‍ കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
നിസാരമാക്കി തള്ളിക്കളയാവുന്ന ആരോപണമല്ലത്. സാഹചര്യത്തെളിവുകളും പാര്‍ട്ടിയുടെ അമരത്തിരിക്കുന്നവരുടെ മനോഭാവവും ഈ സാധ്യതയെ സാധൂകരിക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ അങ്ങനെയൊരു സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടാത്തവരാണ് പാര്‍ട്ടിയുടെ ഇരട്ട മുഖമായ മോദിയും അമിത് ഷായും. പാര്‍ലമെന്റിനോട് പ്രതിബദ്ധതയുള്ള ഒരു പ്രധാനമന്ത്രിയെന്നതിലുപരി ചോദ്യം ചെയ്യപ്പെടാത്ത ഒരു ചക്രവര്‍ത്തിയുടെ പരിവേഷം ഇഷ്ടപ്പെടുന്ന മോദിയും അധികാരം നേടാനും നിലനിര്‍ത്താനും എന്തു നെറികെട്ട നീക്കങ്ങളും ഭൂഷണമായി കരുതുന്ന ഷായും കൂടി അറ്റകൈ എന്ന നിലയില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടാനും മടിക്കില്ലെന്നു തന്നെയാണ് സാമാന്യ ജനം വിശ്വസിക്കുക.
അതോടൊപ്പം മുസ്‌ലിംകളെ അപരവല്‍കരിച്ചു അവര്‍ക്കെതിരേ ഭൂരിപക്ഷ ഹിന്ദു സഹോദരന്‍മാരെ ഇളക്കിവിടുന്ന തന്ത്രപരമായ നീക്കങ്ങളും മറുവശത്ത് നടക്കുന്നു. അടുത്തകാലത്ത് കൊണ്ടുവന്ന പല ബില്ലുകളും ഓര്‍ഡിനന്‍സുകളും ഇത്തരം ലക്ഷ്യം മുന്നില്‍ കണ്ടാണ്. മുത്വലാഖിന്റെ പേരിലുള്ള മുതലക്കണ്ണീര്‍ മുസ്‌ലിം സ്ത്രീകളെ മുന്നില്‍ കണ്ടല്ല. മറിച്ച് ഇസ്‌ലാമിനേയും മുസ്്‌ലിംകളെയും അപരിഷ്‌കൃതരും സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നവരുമായി ചിത്രീകരിച്ചു മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യരാക്കി മുദ്ര കുത്താന്‍ വേണ്ടിയാണ്.
അല്ലെങ്കില്‍ വിവാഹം കഴിഞ്ഞു വര്‍ഷങ്ങളായി ഒരാനുകൂല്യവും ലഭിക്കാതെ വേര്‍പിരിഞ്ഞു ജീവിക്കുന്ന യശോദാ ബെന്നിനെ(മോദിയുടെ ഭാര്യ)പ്പോലുള്ള ആയിരക്കണക്കിനു ഹൈന്ദവ സ്ത്രീകളോട് എന്തുകൊണ്ടാണിവര്‍ക്ക് സഹാനുഭൂതിയില്ലാത്തത്? രാജ്യത്തു നീറുന്ന നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ മുത്വലാഖിന്റെ പേരില്‍ മുസ്‌ലിം പുരുഷന്‍മാരെ ക്രിമിനല്‍ കുറ്റം ചുമത്തി ശിക്ഷിക്കാന്‍ മൂന്നാമൂഴം ഓര്‍ഡിനന്‍സിനു തത്രപ്പെടുന്നവര്‍ എത്ര ദുഷ്ടലാക്കോടെയാണ് വിഷയങ്ങളെ സമീപിക്കുന്നത്?
പുതിയ പൗരത്വ നിയമവും കേന്ദ്ര സര്‍ക്കാറിന്റെ നഗ്നമായ വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ കഴിയുന്ന ലക്ഷക്കണക്കിനു മുസ്്‌ലിംകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുന്നത് അധികൃതര്‍ക്ക് പ്രശ്‌നമാകുന്നില്ല. നാളെ റോഹിംഗ്യന്‍ മുസ് ലിംകളുടെ മറ്റൊരു പതിപ്പായി മാറാന്‍ പോകുകയാണവര്‍. അതേസമയം ഇങ്ങനെ പൗരത്വം നഷ്ടപ്പെടുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഒരു സാങ്കേതികക്കുരുക്കുമില്ലാതെ പൗരത്വം നേടാനുള്ള വകുപ്പുമുണ്ട്. മതത്തിന്റെ പേരില്‍ മാത്രമായി ഒരു വിഭാഗത്തോട് വിവേചനം കാണിക്കുന്ന ഈ നടപടി ഭരണഘടനയോടും പരിഷ്‌കൃത സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോടും ഒത്തുപോകുന്നതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുന്നാക്ക വിഭാഗത്തിന്റെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പെടുത്താനുള്ള ബില്‍ പാര്‍ലെമെന്റിലെത്തിയപ്പോള്‍ കണ്ട പ്രതികരണം ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്. വനിതാ സംവരണ ബില്‍ പാര്‍ലമെന്റിലെത്തി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞു. മോചനം കിട്ടിയില്ല. സച്ചാര്‍ കമ്മിറ്റിയും മിശ്ര കമ്മീഷനുമൊക്കെ വരച്ചുകാട്ടിയ മുസ്‌ലിംകളുടെ ദയനീയാവസ്ഥ പൊള്ളുന്ന യാഥാര്‍ഥ്യമാണെന്നറിഞ്ഞിട്ടും പരിഹാരത്തിന് ആര്‍ക്കും തിടുക്കമില്ല. എന്നാല്‍ മുന്നാക്കക്കാരുടെ സംവരണ ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി പ്രസിഡന്റിന്റെ ഒപ്പും നേടി നിയമമാവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളു. മിന്നല്‍ വേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ ഇഴഞ്ഞുനീങ്ങാറുള്ള നടപടിക്രമങ്ങള്‍ സവര്‍ണരുടെ കാര്യം വന്നപ്പോള്‍ ഒളിമ്പ്യന്‍ ഓട്ടത്തിലാണ്.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ അധികാരത്തിലെത്തുമെന്ന് അവര്‍ക്കുപോലും പ്രതീക്ഷയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുന്‍ പിന്‍ ആലോചിക്കാതെ ചില ഓഫറുകള്‍ വാരിക്കോരി നല്‍കിയതെന്ന് ബി.ജെ.പിയുടെ പ്രമുഖ നേതാവു തന്നെ അടുത്തകാലത്ത് സമ്മതിച്ചതാണ്. നന്നായി അഭിനയിക്കാനറിയുന്ന കവലപ്രഭാഷകനായ മോദിയെ മുന്നില്‍ നിര്‍ത്തി ഒരു പരീക്ഷണം നടത്തി. കുത്തക മുതലാളിമാരും അവരുടെ പോക്കറ്റില്‍ സുഖനിദ്ര കൊള്ളുന്ന മാധ്യമങ്ങളും ഐ.ടി വിദഗ്ധരുമെല്ലാം സമര്‍ഥമായി ഒത്തുപിടിച്ചപ്പോള്‍ മോദിയുടെ മുന്നില്‍ ഭരണത്തിന്റെ താമര വിരിഞ്ഞു. പ്രതിപക്ഷ ഭിന്നത കാര്യങ്ങള്‍ എളുപ്പമാക്കി.
ഏതായാലും മോദി ഭരിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യക്കാര്‍ മനസിലാക്കി. കുറേ വാഗ്ദാനങ്ങളും പുറം മോഡികളും ഭ്രാന്തമായ മതാവേശം ഉത്തേജിപ്പിച്ചുള്ള ചെപ്പടി വിദ്യകളും കാട്ടി വീണ്ടും വോട്ടര്‍മാരെ കബളിപ്പിക്കാനാവുമോ എന്ന ചോദ്യമാണ് രാജ്യത്തിനു മുന്നിലുള്ളത്. അതിന് ഉത്തരം നല്‍കാന്‍ ഓരോരുത്തര്‍ക്കും നിര്‍ഭയമായി തങ്ങളുടെ ഹിതം പ്രകടിപ്പിക്കാന്‍ കഴിയണം. അത് സത്യസന്ധമായി പ്രതിഫലിക്കുകയും വേണം. ഇന്ത്യക്കാരുടെ ഇംഗിതം പച്ചയായി ഹൈജാക്ക് ചെയ്യപ്പെടുകയും ആ കൃത്രിമ ഫലത്തിന് മുന്നില്‍ വിഷണ്ണരായി നെടുവീര്‍പ്പിട്ടു നില്‍ക്കേണ്ടിവരികയും ചെയ്യുന്ന ഒരു നാള്‍ പുലരാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."