കൊവിഡ് രോഗ ബാധിതനുമായി സമ്പര്‍ക്കം: കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍
കാസര്‍കോട്: കൊവിഡ്-19 സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ നിരീക്ഷണത്തില്‍. ഇവര്‍ രണ്ടുപേരും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു.
ദുബായില്‍ നിന്ന് ഒരാഴ്ച മുന്‍പെത്തിയ യുവാവിന് ഇന്നലെ കൊവിഡ് -19 ബാധ സ്ഥിരീകരിച്ചിരുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഇയാളോടൊപ്പം കല്യാണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എം.സി കമറുദ്ദീന്‍ എം.എല്‍.എ വഴിയില്‍ വച്ച് കണ്ടുമുട്ടിയതാണ്. കാറില്‍ സഞ്ചരിക്കുന്നതിനിടെ വഴിയില്‍ കണ്ടപ്പോള്‍ നിര്‍ത്തി സംസാരിച്ചിരുന്നു.
ഈ മാസം 11ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് അദ്ദേഹം ദുബൈയില്‍ നിന്നുള്ള ഐ.എക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. 11ന് കോഴിക്കോട് താമസിച്ച അദ്ദേഹം 12ന് മാവേലി എക്‌സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്‌മെന്റില്‍ കാസര്‍കോട്ടെത്തി. 17-ാം തിയ്യതിയാണ് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്. ഇതിനിടെ കല്യാണച്ചടങ്ങ് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."