ഗെയ്‌തോയെ വെനസ്വല പ്രസിഡന്റായി ഇ.യു രാജ്യങ്ങള്‍ അംഗീകരിച്ചു
ബ്രസല്‍സ്: വാന്‍ ഗെയ്‌തോയെ വെനസ്വലയുടെ ഇടക്കാല പ്രസിഡന്റായി യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) രാജ്യങ്ങള്‍ അംഗീകരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റ് നിക്കോളസ് മദുറോക്ക് നല്‍കിയ അന്ത്യശാസനം ഞായറാഴ്ച രാത്രി അവസാനിച്ചതോടെയാണ് യു.കെ, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള ഇ.യു രാജ്യങ്ങളുടെ നടപടി. ഇ.യുവിന്റെ ആവശ്യം മദുറോ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വിശ്വാസ യോഗ്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഗെയ്‌തോയെ ഇടക്കാല പ്രസിഡന്റായി ഇ.യു സഖ്യരാഷ്ട്രങ്ങള്‍ അംഗീകരിക്കുകയാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജര്‍മി ഹï് പറഞ്ഞു. ഉപരോധം ഉള്‍പ്പെടെയുള്ള കൂടുതല്‍ നടപടികള്‍ പരിഗണനയിലാണെന്ന് യു.കെ പ്രധാനമന്ത്രി തെരേസാ മേയുടെ വക്താവ് പറഞ്ഞു.
വെനസ്വലയിലെ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഗെയ്‌തോ നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലും രാജ്യത്തെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്വമുïെന്ന് സ്‌പെയിന്‍ പ്രസിഡന്റ് പെഡ്രോ സാഞ്ചസും പറഞ്ഞു.
എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള ഇ.യു പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ ഗ്രീസ് തയാറായിരുന്നില്ല. രാജ്യത്തിന്റെ നിയമാനുസൃത പ്രസിഡന്റായ മദുറോയെ പിന്തുണക്കുകയാണെന്ന് ഗ്രീക്ക് ഭരണകക്ഷി പ്രസ്താവിച്ചിരുന്നു.
വെനസ്വലയില്‍ ഗെയ്‌തോ പ്രസിഡന്റായി കഴിഞ്ഞ മാസം സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പിന്തുണയുമായി യു.എസ് ഉള്‍പ്പെടെയുള്ള ഇരുപതോളം രാജ്യങ്ങള്‍ രംഗത്തെത്തി. എന്നാല്‍ വെനസ്വലയുടെ ആഭ്യന്തര വിഷയത്തില്‍ ഇ.യു രാജ്യങ്ങള്‍ ഇടപെടുകയാണെന്നാണ് മദുറോയുടെ ആരോപണം. ഗെയ്‌തോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച ഇ.യു രാഷ്ട്രങ്ങളുടെ നടപടിയെ റഷ്യ അപലപിച്ചു. നിയമാനുസൃത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഷ്യ ആരോപിച്ചു. തെരഞ്ഞെടുപ്പ് നടത്താനുള്ള അന്ത്യശാസനങ്ങളെ അംഗീകരിക്കില്ലെന്നും അത് സാമ്രാജ്യത്വ, കൊളോനിയല്‍ കാലത്താണെന്നും മദുറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വെനസ്വലയില്‍ അടിസ്ഥാന ആവശ്യങ്ങളായ മരുന്ന്, ഭക്ഷണം ഉള്‍പ്പെടെയുള്ളവക്ക് വന്‍ ദൗര്‍ലഭ്യമാണുള്ളത്. മദുറോയുടെ ഭരണ കാലയളവില്‍ 30 ലക്ഷത്തോളം പേര്‍ രാജ്യത്തുനിന്ന് പലായനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."