മാരക കളനാശിനി സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കള നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന മാരക കീടനാശിനിയായ ഗ്ലൈഫോസേറ്റ് സര്‍ക്കാര്‍ നിരോധിച്ചു. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 300 പ്രകാരം നിരോധനം പ്രഖ്യാപിച്ചുകൊണ്ട് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ആണ് നിയമസഭയില്‍ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കി മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഈ കളനാശിനിയുടെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഗ്ലൈഫോസേറ്റും അത് അടങ്ങിയ മറ്റ് ഉല്‍പന്നങ്ങളുടെയും വില്‍പനയും വിതരണവും ഉപയോഗവും ഫെബ്രുവരി രണ്ടു മുതല്‍ സംസ്ഥാനത്ത് പൂര്‍ണമായി നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി സഭയെ അറിയിച്ചു. കീടനാശിനി ഉപയോഗംമൂലം ഏതൊക്കെ രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗമുണ്ടാക്കുന്ന കീടനാശിനികള്‍ ഏതെല്ലാമെന്ന കൃത്യമായ റിപ്പോര്‍ട്ട് ഇപ്പോള്‍ ആരോഗ്യവകുപ്പ് നല്‍കുന്നില്ല. 2011 മുതല്‍ 2018 വരെ 27 ഇനം കീടനാശിനികള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഏഴ് കീടനാശിനികളെ നിയന്ത്രിത കീടനാശിനികളായി നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. നിയന്ത്രിത കീടനാശിനികള്‍ അത്യാവശ്യഘട്ടങ്ങളില്‍ കൃഷി ഓഫിസറുടെ കുറിപ്പടിയോടുകൂടി മാത്രം വില്‍ക്കപ്പെടേണ്ടതും ഉപയോഗിക്കേണ്ടതുമാണെന്ന് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ മാസത്തില്‍ രണ്ടുതവണയെങ്കിലും നിര്‍ബന്ധമായും കീടനാശിനി വില്‍പന നടത്തുന്ന ഷോപ്പുകളില്‍ കൃത്യമായ പരിശോധന നടത്തും. ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി നിവിലുള്ള ജീവനക്കാരുടെ പരിമിതി പരിഹരിക്കുന്നതിന് സംസ്ഥാനതലത്തില്‍ ഒരു എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രൂപീകരിക്കും. കമ്പനികളും അവയുടെ ഏജന്റുമാരും കര്‍ഷകരെ സമീപിച്ച് കീടനാശിനികളെക്കുറിച്ചും അവയുടെ ഉപയോഗക്രമത്തെക്കുറിച്ചും ക്ലാസുകളും പ്രചാരണവും നടത്തുന്ന സമ്പ്രദായം പൂര്‍ണമായും വിലക്കും. ഇത് ലംഘിക്കുന്ന കമ്പനികള്‍ക്കും വില്‍പന നടത്തുന്ന കച്ചവടക്കാര്‍ക്കും എതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. കീടനാശിനികളുടെ ഉപയോഗക്രമം, ഏതൊക്കെ വിളകളില്‍, എത്രയളവില്‍ ഉപയോഗിക്കാം, പാര്‍ശ്വഫലങ്ങള്‍, ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയ വിവരങ്ങള്‍ വില്‍പനശാലകളുടെ പുറത്ത് പ്രദര്‍ശിപ്പിക്കുന്നതിനു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."