HOME
DETAILS
MAL
കൊവിഡ് സ്ഥിരീകരണം എങ്ങനെ ?
backup
March 20 2020 | 04:03 AM
സാംപിള്‍ ശേഖരണം
കൊവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാംപിളുകള്‍ മാത്രമാണ് പരിശോധനയ്ക്ക് എടുക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ സ്റ്റെറൈല്‍ സ്വാബ് ഉപയോഗിച്ച് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയത്തില്‍ (വി.ടി.എം.) ശേഖരിക്കും. തുടര്‍ന്ന് ഇതിനെ ട്രിപ്പിള്‍ ലെയര്‍ പാക്കിങ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതില്‍ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐ.ഡി. നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തും. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പരും നല്‍കണം.
ലാബിലേക്ക്
ട്രിപ്പിള്‍ ലയര്‍ പാക്കിങ് ഉപയോഗിച്ചാണ് തൊട്ടടുത്ത ലാബിലേക്ക് സാംപിള്‍ അയക്കുക. പൂനെ വൈറോളജി ലാബിലോ മറ്റ് വിദൂര സ്ഥലത്തുള്ള ലാബിലോ ആണ് അയക്കുന്നതെങ്കില്‍ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെര്‍മ്മോകോള്‍ ബോക്‌സിലാണ് അയക്കുക. രണ്ട് ദിവസം വരെ ഈ സാംപിളുകള്‍ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാല്‍ ഈ സാമ്പിളുകള്‍ ഫ്രീസറിലേക്ക് മാറ്റും. കൂടുതല്‍ ദിവസങ്ങളില്‍ സൂക്ഷിക്കണമെങ്കില്‍ 80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.
കൊവിഡ് ഇല്ലെന്ന്
സ്ഥിരീകരണം
രണ്ട് തരം പരിശോധനകളിലൂടെയാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍ എന്ന മോളിക്കുലാര്‍ പരിശോധനയാണ് ആദ്യം. എന്‍.ഐ.വി പൂനെയില്‍ നിന്നു ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് പരിശോധന നടത്തുക. ആദ്യമായി മീഡിയത്തിലെത്തുന്ന സാംപിളുകളില്‍ നിന്ന് ആര്‍.എന്‍.എയെ വേര്‍തിരിക്കും. ഇതിന് 3 മുതല്‍ 4 മണിക്കൂര്‍ വരെ സമയം വേണം. ഇതിനെ റിയല്‍ ടൈം പി.സി.ആര്‍ മെഷീനില്‍ വയ്ക്കുന്നു. ഈ മെഷീനിലൂടെ രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. കൊവിഡ് ഇല്ലെങ്കില്‍ ഈ പരിശോധനയില്‍ തന്നെ അറിയാനാകും. ഇജീന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാം. സങ്കീര്‍ണമായ ഇത്തരത്തിലുള്ള 40ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബില്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ കഴിയുക.
കൊവിഡ് സ്ഥിരീകരണം
കൊവിഡ്19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി നടത്തണം. ആര്‍.ഡി.ആര്‍.പി, ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍.എന്‍.എയെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. 3 മണിക്കൂറിനുള്ളില്‍ ഈ ഫലം ലഭിക്കും. ആര്‍.ഡി.ആര്‍.പി, ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്തിയാല്‍ കൊവിഡ് സ്ഥിരീകരിക്കും. തുടര്‍ന്ന് ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കും. എന്‍.ഐ.വി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. എന്‍.ഐ.വി പൂനെയുടെ മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിര്‍ത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്. അധികം വരുന്ന സാംപിളുകളില്‍ നിന്ന് രോഗപകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഇവ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിക്കും.
രോഗിയുടെ ഡിസ്ചാര്‍ജ്
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം വീണ്ടും രോഗിയുടെ സാംപിള്‍ എടുത്ത് പരിശോധിക്കും. അങ്ങനെ രണ്ട് തവണ പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."