നലൂര്‍നാട് കാന്‍സര്‍ സെന്ററിലേക്ക് എത്താന്‍ പെടാപ്പാട്
മാനന്തവാടി: ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക കാന്‍സര്‍ സെന്ററായ നലൂര്‍നാട് കാന്‍സര്‍ സെന്ററിലേക്കെത്താന്‍ രോഗികള്‍ക്ക് ഇപ്പോഴും പെടാപ്പാട്. വാഹന സൗകര്യമില്ലാത്തതാണ് ജില്ലക്കകത്തും പുറത്തുനിന്നുമെത്തുന്ന രോഗികള്‍ക്ക് തിരിച്ചടിയാകുന്നത്. വാഹന സൗകര്യമൊരുക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
1996ല്‍ ട്രൈബല്‍ വകുപ്പ് എടവക പഞ്ചായത്തിലെ പുതിയിടംകുന്നില്‍ സ്ഥാപിക്കുകയും 2007ല്‍ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്ത ആശുപത്രി നിലവില്‍ മലബാറിലെ തന്നെ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള കാന്‍സര്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രിയാണ്. പ്രതിമാസം 600 ഓളം പേര്‍ ഒ.പിയില്‍ ചികിത്സ തേടി എത്തുകയും പ്രതിമാസം 250 ഓളം കീമോ തെറാപ്പിയും നടക്കുന്നുണ്ട്. ജില്ലക്ക് പുറത്ത് നിന്നും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ കുട്ട, ബൈരകുപ്പ എന്നിവിടങ്ങളില്‍ നിന്നെല്ലാം നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ കേന്ദ്രത്തിലേക്ക് ബസ് സര്‍വിസ് ഇല്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. നാലാം മൈലില്‍ എത്തുന്നവര്‍ ഓട്ടോയോ ടാക്‌സിയോ വിളിച്ച് ആശുപത്രിയിലെത്തേണ്ട സ്ഥിതിയാണുള്ളത്. മാനന്തവാടിയില്‍ നിന്ന് എടവക വഴി ആശുപത്രിയിലേക്ക് പോകുന്നവരും കല്യാണത്തുപള്ളിക്കല്‍ ഇറങ്ങി ഓട്ടോറിക്ഷയെയോ ടാക്‌സി ജീപ്പുകളെയോ ആശ്രയിക്കണം. ഇത് നിര്‍ധനരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുമായ രോഗികള്‍ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. മുമ്പ് കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും സര്‍വിസ് നടത്തിയിരുന്നുവെങ്കിലും റോഡ് പാടെ തകര്‍ന്നതോടെ സര്‍വിസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് റോഡുകളെല്ലാം നവീകരിച്ചെങ്കിലും സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. സര്‍ജറി ഒഴികെയുള്ള മറ്റെല്ലാ സംവിധാനങ്ങളും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും കിടത്തി ചികിത്സ ഇനിയും ആരംഭിച്ചിട്ടില്ല. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്തിന്റ് കീഴിലുള്ള ആശുപത്രിയെ ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കി ആശുപത്രിയില്‍ കുടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലോക കാന്‍സര്‍ ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ നേതൃത്വം നല്‍കുന്നവര്‍ രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന വാഹന സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ അലംബാവം വെടിയണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."