12 വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിച്ചത് ഉസ്മാന്‍ ഹാജിയുടെ ആത്മധൈര്യം
കാഞ്ഞങ്ങാട്: പൊടുന്നനെ നീങ്ങിയ ഗുഡ്‌സ് ട്രെയിനിനും കുതിച്ചു വന്ന എക്‌സ്പ്രസ് ട്രെയിനിനും ഇടയില്‍ പെടുമായിരുന്ന പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍ക്ക് സിറ്റി ലൈറ്റ് ഉടമ ഇലക്ട്രിക് ഉസ്മാന്‍ ഹാജി രക്ഷകനായി.
ഇന്നലെ രാവിലെ 9.45ഓടെ കോട്ടച്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ആവിക്കര എ.കെ.ജി ക്ലബിന് മുന്നില്‍ റെയില്‍പാളത്തില്‍ നിര്‍ത്തിയ ഗൂഡ്‌സ് ട്രെയിനിടയിലൂടെ മറുഭാഗത്തേക്ക് വിദ്യാര്‍ഥികള്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊടുന്നനെ ഗുഡ്‌സ് മുന്നോട്ട് ചലിക്കുകയായിരുന്നു.
ഇതു മനസിലാക്കാതെ വിദ്യാര്‍ഥികള്‍ പാളം മുറിച്ചുകടക്കുന്നത് തത്സമയം റെയില്‍പാളത്തിനടുത്തുണ്ടായിരുന്ന ഉസ്മാന്‍ ഹാജിയുടെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം ഉറക്കെ നിലവിളിച്ച് വിദ്യാര്‍ഥികളെ അപകട വിവരം അറിയിച്ചു.
ഉടന്‍ വിദ്യാര്‍ഥികള്‍ പുറത്തേക്ക് ചാടിയതും ഗുഡ്‌സ് നീങ്ങിയതും ഒരേ സമയത്തായിരുന്നു. ഇതേ സമയത്ത് തന്നെ കാസര്‍കോട് നിന്നും നീലേശ്വരം ഭാഗത്തേക്ക് മറ്റൊരു ട്രാക്കിലൂടെ അതിവേഗത്തില്‍ മറ്റൊരു തീവണ്ടിയും കടന്നു പോയിരുന്നു. ഈ വണ്ടിയുടെ വരവും വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇലക്ട്രിക് ഉസ്മാന്‍ ഹാജിയുടെ മനോധൈര്യവും അദ്ദേഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അപകട മുന്നറിയിപ്പും നല്‍കിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്.
ദുര്‍ഗ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ മകനെ റെയില്‍പാളം കടത്തിവിടാനായിരുന്നു ഉസ്മാന്‍ ഹാജി പാളത്തിനരികില്‍ എത്തിയത്.
ഏതാനും വര്‍ഷം മുന്‍പ് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് അടിയില്‍ കൂടെ മറുഭാഗത്തേക്ക് കടന്നു പോകുന്നതിനിടയില്‍ പൊടുന്നനെ നീങ്ങിയ ഗുഡ്‌സ് ട്രെയിനിടയില്‍പ്പെട്ട് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."