ചെറിയാക്കരയില്‍ അടുത്ത വര്‍ഷത്തേക്ക് പ്രവേശനം നേടി 23 കുട്ടികള്‍
ചെറുവത്തൂര്‍: കുട്ടികളുടെ എണ്ണം നന്നേ കുറവെന്ന പഴി അടുത്ത വര്‍ഷം ചെറിയക്കാരയ്ക്ക് ഉണ്ടാകില്ല. ചെറിയാക്കര ഗവ. എല്‍.പി സ്‌കൂളിലേക്ക് അടുത്തവര്‍ഷത്തേക്ക് പ്രവേശനം നേടാന്‍ പഠനോത്സവ വേദിയിലേക്ക് എത്തിയത് 23 കുട്ടികള്‍.13 പേര്‍ ഒന്നാം തരത്തിലേക്കും 10 പേര്‍ പ്രീ പ്രൈമറിയിലേക്കും. നിലവില്‍ വിദ്യാലയത്തില്‍ 13 കുട്ടികളാണ് ആകെയുള്ളത്. മൂന്നു വര്‍ഷം മുന്‍പ് ഒന്നാം തരത്തില്‍ ഒരു കുട്ടി മാത്രം പ്രവേശനം നേടിയ വിദ്യാലയമാണ്. കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക പ്രവര്‍ത്തനങ്ങളിലും വിദ്യാലയം വളരെയേറെ മുന്നേറിക്കഴിഞ്ഞു. ഇതോടെയാണ് പ്രവേശന നടപടികള്‍ ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ 23 കുട്ടികള്‍ വിദ്യാലയത്തിലെത്തിയിരിക്കുന്നത്. പലോത്ത് പ്രതിഭ ക്ലബായിരുന്നു പഠനോത്സവ വേദി.
ഇംഗ്ലീഷ് ഡയറി കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് ഫോട്ടോ അടക്കം നാലാം ക്ലാസുകാരി ശ്രീനിക സുധീര്‍ പ്രിന്റെടുത്ത് നല്‍കിയപ്പോള്‍ നാട്ടുകാരും രക്ഷിതാക്കളും കൈയടിച്ചു. പഠനത്തോടൊപ്പം ഇവിടെ മലയാളം, ഇംഗ്ലീഷ് ഡി.ടി.പി.യിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
കലണ്ടര്‍ നോക്കാതെ തിയതികള്‍ പറഞ്ഞും വായനക്കാര്‍ഡുകള്‍ മികവോടെ വായിച്ചും കുട്ടികള്‍ മികവു കാട്ടി. സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ഡോ. പി. പ്രമോദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം.കെ വിജയകുമാര്‍, ഡി.പി.ഒ വേണുഗോപാലന്‍, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ കെ.എം അനില്‍കുമാര്‍ സംബന്ധിച്ചു. സംഗീത ശില്‍പം, നാടകം എന്നിവയും അരങ്ങേറി. പ്രദേശത്തെ നാലാംതരം വരെയുള്ള കുട്ടികള്‍ക്ക് 'ആകാശമിഠായി' പ്രവര്‍ത്തന പുസ്തകവും നല്‍കി. പഠനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മാനങ്ങള്‍ ഒരുക്കിയിരുന്നു. സ്‌കൂള്‍ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് സൗജന്യമായി ഇരുന്നൂറോളം സസ്യങ്ങള്‍ നല്‍കിയ ദിവാകരന്‍ കടിഞ്ഞിമൂലയെ ചടങ്ങില്‍ ആദരിച്ചു. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള പൊന്നാടയണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."